എറണാകുളം: കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് നേർപകുതിയാക്കി ചുരുക്കിയത് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കടുത്ത ന്യുനപക്ഷ വിരുദ്ധ സമീപനമാണ് കാണിക്കുന്നത്. ഈ മാസം 15നാണ് അമ്പത് ശതമാനം വെട്ടിക്കുറച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പല കുട്ടികളുടെയും പഠനം പോലും മുടങ്ങുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഉള്ള പിണറായി സർക്കാരിൻ്റെ ഇരുട്ടടിയാണിത്.പഠനം മുടങ്ങുമെന്ന ആശങ്കയിൽ നിരവധി വിദ്യർത്ഥികളാണ് ഇതു മൂലം കഷ്ടപ്പെടുന്നത്.
ന്യൂനപക്ഷങ്ങളോടുള്ള ഇടതു സർക്കാർ വാഗ്ദാനങ്ങൾ വെറും വാചകമടിയായി മാറി. സ്വപ്നങ്ങൾ വിറ്റ് വിജയം നേടിയവർക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കിൽ കുറച്ചു ആത്മാർഥതയെങ്കിലും ന്യൂനപക്ഷ വിദ്യാർത്ഥികളോട് കാണിക്കണം.ന്യൂനപക്ഷങ്ങളോടുള്ള ഇത്തരം സമീപനങ്ങൾ വിജയിക്കില്ല എന്ന് സർക്കാർ തിരിച്ചറിയണം.ഇതിനു വലിയ വില തന്നെ കൊടുക്കേണ്ടി വരും.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ചരിത്രവും അവരുടെ അവകാശങ്ങളും വെട്ടിമാറ്റാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം ആവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാരാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കുന്നത് സംസ്ഥാനത്തിൽ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. 50 ശതമാനം വെട്ടി കുറച്ച തുകയിൽ നിന്ന് പോലും നൽകിയിരിക്കുന്നത് വെറും 2.69 ശതമാനം ആണെന്ന് പ്ലാനിംഗ് ബോർഡ് രേഖകളും നിന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ധനവകുപ്പ്, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകുല്യം വെട്ടിക്കുറച്ചതും തടഞ്ഞുവെച്ചിരിക്കുന്നതും.
87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 2024-25 ലെ പദ്ധതിയില്‍ വകയിരുത്തിയിരുന്നെങ്കിലും സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടു മാസം മാത്രം ബാക്കിയിരിക്കെ ചെലവഴിച്ചത് കേവലം 1.39 ശതമാനം തുക മാത്രം. സി.എ/ഐ.സി.ഡബ്ല്യു.എ കോഴ്സ് ചെയ്യുന്നവര്‍ക്ക് 97 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ല.
മൂന്നു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നവര്‍ക്ക് അനുവദിച്ച 82 ലക്ഷം രൂപയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കരിയര്‍ ഗൈഡന്‍സിന് 1.20 കോടി, നൈപുണ്യ പരിശീലനത്തിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് 20 കോടി, നഴ്സിങ് /പാരാ മെഡിക്കല്‍ കോഴ്സ് ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തടഞ്ഞു വച്ചതെന്തിന് എന്ന് അന്വേഷിയ്ക്കണം.ധൂര്‍ത്തും മേളകളും ഹെലികോപ്റ്റർ യാത്രയും നടത്തി കോടികള്‍ പൊടിപൊടിക്കുന്ന ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ തടഞ്ഞുവെച്ചതും വെട്ടിക്കുറച്ചതും എന്തിനെന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളർഷിപ്പ് നൽകാനുള്ള ഫണ്ടിൽനിന്ന് കാറുകൾ വാങ്ങാനും മറ്റുമായി ഫണ്ട് വകമാറ്റിയത് ആറു മാസം മുൻപേ സി.എ. ജി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടും സാമ്പത്തിക പരാധീനത കാരണം പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതികളാണ് സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാട് മൂലം ഇപ്പോൾ മുടങ്ങിയിരിക്കുന്നത്.ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഇത്തരം തുഗ്ളക്ക് മോഡൽ ഫണ്ട് വെട്ടികുറയ്ക്കലുകളിൽ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളിൽ നിന്നും ഇടതു സർക്കാർ പിന്മാറണമെന്ന് സീറോ മലബാർസഭാ അൽമായ ഫോറം ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.