ചെന്നൈ: ബിജെപി അധ്യക്ഷനായി അണ്ണാമലൈ തുടരുമോ? അതോ പുതിയ നേതാവ് എത്തുമോ? ബിജെപി സംസ്ഥാന അധ്യക്ഷപദവി തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്നു തുടക്കം കുറിക്കുമ്പോൾ പാർട്ടി അണികൾ മാത്രമല്ല, മറ്റു രാഷ്ട്രീയപ്പാർട്ടികളും ഫലമറിയാൻ ഉറ്റുനോക്കുന്നു. കാരണം അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി ഒറ്റയ്ക്കു പോരിനിറങ്ങുമോ, വീണ്ടും അണ്ണാ ഡിഎംകെയുടെ കൈപിടിക്കുമോ എന്നത് അടുത്ത നേതാവിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും.
അണ്ണാ സർവകലാശാലാ ക്യാംപസിലെ പീഡന സംഭവത്തിനു പിന്നാലെയുള്ള സ്വയം ചാട്ടയടിയും ചെരിപ്പില്ലാ നടത്തവും ഡിഎംകെക്കെതിരെയുള്ള നിരന്തര പ്രസ്താവനകളുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അണ്ണാമലൈ. ഒപ്പം, പ്രസിഡന്റ് സ്ഥാനം നിലനിർത്താനും. അണ്ണാഡിഎംകെയുമായി സഖ്യം വേണ്ട, ഒറ്റയ്ക്കു മുന്നോട്ടുപോയാൽ മതിയെന്ന അണ്ണാമലൈയുടെ നിർബന്ധത്തിന്റെ ബലത്തിലാണു ബിജെപി സഖ്യം ഉപേക്ഷിക്കാനുള്ള നിർണായക തീരുമാനമെടുത്തത്. എന്നാൽ, അണ്ണാമലൈ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പാർട്ടിക്കുള്ളിൽ തന്നെ അണ്ണാമലൈയ്ക്കെതിരെ എതിർപ്പുയർന്നു.
പല നേതാക്കളും കേന്ദ്രനേതൃത്വത്തോടു പരാതിപ്പെട്ടു. ഇപ്പോഴും സഖ്യത്തോട് അണ്ണാമലൈ മുഖം തിരിക്കുന്നു. അതേസമയം, അധ്യക്ഷപദവിയിലേക്കു പരിഗണനയിലുള്ള മുതിർന്ന നേതാവ് നൈനാർ നാഗേന്ദ്രൻ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എന്നിവരാകട്ടെ സഖ്യം തിരിച്ചുപിടിക്കണമെന്ന ഉറച്ച നിലപാടുകാരാണ്. സഖ്യത്തോട് കേന്ദ്രനേതൃത്വത്തിനും താൽപര്യമുണ്ടെങ്കിലും ഡിഎംകെയെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന അണ്ണാമലൈയെ പൂർണമായി പിണക്കാൻ ആഗ്രഹിക്കുന്നില്ല.
മറ്റ് ഏതെങ്കിലും സ്ഥാനം നൽകി എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങളും നേതൃത്വം ആലോചിക്കുന്നു. അണ്ണാഡിഎംകെ പാർട്ടി നേതൃത്വത്തിനും അണ്ണാമലൈയോട് താൽപര്യമില്ല. ഈ എതിർപ്പുകളെയെല്ലാം അവഗണിച്ച് അണ്ണാമലൈയെ വീണ്ടും തിരഞ്ഞെടുത്താൽ തന്നെ മുൻപ് കാണിച്ച അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് നൽകിയാകും വീണ്ടും പദവിയിൽ അവരോധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.