കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചയിൽ കൊടുവള്ളി എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാൻ ഷുഹൈബ് നീക്കം നടത്തുന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഷുഹൈബിനോടും എംഎസ് സൊലൂഷൻസിലെ മറ്റു രണ്ട് അധ്യാപകരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഷുഹൈബ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഷുഹൈബിനെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.ജാമ്യഹർജിയിൽ വിധി പറയുന്നത് നേരത്തെ രണ്ട് തവണ മാറ്റിയിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശം അനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.