തിരുവനന്തപുരം: ഐഎസ്ആർഒയ്ക്കു കീഴിലുള്ള വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടറായി എം. മോഹനെ നിയമിച്ചു. നാളെ ചുമതലയേൽക്കും. എൽപിഎസ്‌സി ഡയറക്ടറായിരുന്ന ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനായി നിയമിതനായ ഒഴിവിലാണ് എം. മോഹന്റെ നിയമനം. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയാണ്.
2024 ജൂലൈ 1 മുതൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) പ്രോജക്ട്സ് വിഭാഗം ഡയറക്ടറാണ്. ഗഗൻയാൻ ദൗത്യത്തിനു നേതൃത്വം നൽകുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ, വിഎസ്എസ്‌സിയിൽ വിവിധ വിഭാഗങ്ങളിലായി അസോഷ്യേറ്റ് ഡയറക്ടർ, ഡപ്യൂട്ടി ഡയറക്ടർ, വിവിധ ജിഎസ്എൽവി റോക്കറ്റിന്റെ പ്രോജക്ട് ഡയറക്ടർ വിവിധ ദൗത്യങ്ങളുടെ മിഷൻ ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. എൽപിഎസ്‌സിയിൽ ക്രയോജനിക് അപ്പർ സ്റ്റേജിന്റെ പ്രോജക്ട് ഡയറക്ടറായും പ്രവർത്തിച്ചു.
2008 ൽ ഒന്നാം ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രനിൽ ഇന്ത്യൻ പതാക പതിപ്പിച്ച മൂൺ ഇംപാക്ട് പ്രോബിന്റെ (എംഐപി) സിസ്റ്റം ലീഡറായിരുന്നു. 1987 ജനുവരിയിൽ വിഎസ്എസ്‌സിയിൽ പിഎസ്എൽവിയുടെ മെക്കാനിക്കൽ ഇന്റഗ്രേഷൻ വിഭാഗത്തിൽ സേവനമാരംഭിച്ച മോഹൻ പിന്നീട് റോക്കറ്റ് ഇന്റഗ്രേഷൻ ഗ്രൂപ്പിലും പ്രവർത്തിച്ചു. തുടർന്ന് സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി.
2016 ൽ ഐഎസ്ആർഒ പെർഫോമൻസ് എക്സലൻസ് അവാർഡും 2010ൽ മെറിറ്റ് അവാർഡും നേടിയിട്ടുണ്ട്.
എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഫെലോ, സൊസൈറ്റി ഓഫ് എയ്റോസ്പേസ് മാനുഫാക്ചറിങ് എൻജിനീയേഴ്സ് (സെയിം) പ്രസിഡന്റ്, ഹൈ എനർജി മെറ്റീരിയൽസ് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ സൊസൈറ്റി ഓഫ് എയ്റോസ്പേസ് ആൻഡ് റിലേറ്റഡ് മെക്കാനിസം എന്നിവയുടെ ലൈഫ് മെംബർ സ്ഥാനങ്ങളും വഹിക്കുന്നു. മഹാദേവൻ– അന്നപൂർണ ദമ്പതികളുടെ മകനാണ് മോഹൻ. ഭാര്യ ദീപ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്). മക്കൾ: മദൻ (എൻജിനീയർ, യുകെ), മാധവ് (എൻജിനീയർ, തിരുവനന്തപുരം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.