മുംബൈ: ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം പുതിയ ചർച്ചകളിലേക്ക് വഴിതുറക്കുന്നു. പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമർശത്തിലൂടെ ബിജെപി നേതാവ് ഉദ്ദേശിച്ചിട്ടുള്ളതെന്നാണു വിലയിരുത്തൽ.
‘മാറ്റാൻ പറ്റാത്തതായി രാഷ്ട്രീയത്തിൽ ഒന്നുമില്ല. ഉദ്ധവ് താക്കറെ നേരത്തേ ഞങ്ങളുടെ സുഹൃത്തായിരുന്നു. പിന്നീട് രാജ് താക്കറെ സുഹൃത്തായി. രാജ് സുഹൃത്തായി എന്നതുകൊണ്ട് ഉദ്ധവ് ശത്രുവാണ് എന്ന് അർഥമില്ല’– എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫഡ്നാവിസ് പറഞ്ഞത്. ബിജെപിയുടെ മുഖമായ ഫഡ്നാവിസ് മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെ ഉദ്ധവ് അദ്ദേഹത്തെ സന്ദർശിച്ച് അഭിനന്ദിച്ചിരുന്നു. ഉദ്ധവിന്റെ മകനും എംഎൽഎയുമായ ആദിത്യ താക്കറെ ഒന്നര മാസത്തിനിടെ മൂന്നു തവണയാണ് ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കോർപറേറ്റർമാരടക്കം ഒട്ടേറെപ്പേരാണ് ഉദ്ധവ് വിഭാഗത്തിൽ നിന്ന് ബിജെപിയിലേക്കും ഷിൻഡെ വിഭാഗത്തിലേക്കും ചേക്കേറിയത്.
അതിനിടെ ആദർശത്തോടുള്ള ആർഎസ്എസ് പ്രവർത്തകരുടെ പ്രതിബദ്ധതയും പ്രവർത്തനങ്ങളിലെ ആത്മാർഥതയും എൻസിപി പ്രവർത്തകർ കണ്ടുപഠിക്കണമെന്നും കേഡർ സംവിധാനം എൻസിപിയിലും ശക്തമാക്കണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടു. ദക്ഷിണ മുംബൈയിൽ എൻസിപി പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തെ തുടർന്നു പ്രതിപക്ഷം അമിത ആത്മവിശ്വാസം പുലർത്തിയപ്പോൾ ബിജെപിയും ആർഎസ്എസും തങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറാനാണു ശ്രമിച്ചത്’– പവാർ കൂട്ടിച്ചേർത്തു. അതേസമയം, വ്യാജവാർത്തകളിലൂടെ ഭരണം നേടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ഭരണപക്ഷം തകർത്തെന്നും അതു തിരിച്ചറിഞ്ഞാണ് ശരദ് പവാർ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. വരാനിരിക്കുന്ന പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ ശിവസേനാ (ഉദ്ധവ്) ഒറ്റയ്ക്ക് മത്സരിക്കുമെന്നും ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകുകയെന്നും നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡിയിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.
‘ഇന്ത്യാസഖ്യം ഇതുവരെ പൊതു കൺവീനറെ തിരഞ്ഞെടുത്തിട്ടില്ല. അതു നല്ല പ്രവണതയല്ല. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു യോഗം പോലും സഖ്യം നടത്തിയിട്ടില്ല. സഖ്യത്തിലെ പ്രധാന പാർട്ടി എന്ന നിലയ്ക്ക് അത്തരമൊരു യോഗം വിളിക്കുക എന്നത് കോൺഗ്രസിന്റെ ചുമതലയായിരുന്നു’– റാവുത്ത് കുറ്റപ്പെടുത്തി. സഖ്യത്തിലെ കക്ഷികളെ ചേർത്തുനിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് റാവുത്ത് നേരത്തേയും ആരോപിച്ചിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളിയ ഉദ്ധവ് വിഭാഗം എഎപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ജമ്മു–കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഇന്ത്യാസഖ്യത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.