മധുര: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ ശ്രമം.
ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യൂണിവേഴ്സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വർഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരൻ ആണ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതിൽ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം നടക്കുന്ന സമയത്ത് കാമ്പസിനക്കത്തെ സിസിടിവി പ്രവർത്തനരഹിതമായതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്വേഷണത്തിൽ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ജ്ഞാനശേഖരന്റെ ഫോണിൽ നിന്ന് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.