ന്യൂഡൽഹി: കയ്യിൽ ശംഖും നെൽക്കതിരുമുള്ള കാപ്പ്, മുത്തുപതിപ്പിച്ച തലപ്പാവ്, തോളിൽ അംഗവസ്ത്രവും ദണ്ഡും; ഇതാണ് അധികാരവേഷം. പക്ഷേ, ഇതെല്ലാം അഴിച്ചുവച്ച് സാധാരണ വേഷവും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുമണിഞ്ഞാണ് ‘രാജാവും പത്നിയും’ രാഷ്ട്രപതിഭവന്റെ മുറ്റത്തു നിന്നത്. ഇത് രാമൻ രാജമന്നാൻ, രാജ്യത്തു നിലവിലുള്ള 2 ആദിവാസി രാജവംശങ്ങളിലൊന്നായ ഇടുക്കി കാഞ്ചിയാറിലെ മന്നാൻ സമുദായത്തിലെ രാജാവ്. കോവിൽമല രാജാവും ഭാര്യ ബിനുമോളും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്.
കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമലയെന്ന തലസ്ഥാനംവിട്ട് രാജാവ് കേരളത്തിന് പുറത്തേക്കൊരു യാത്ര ഇതാദ്യമായാണ്. ഇവരുടെ ജീവിതത്തിലെ ആദ്യ വിമാനയാത്രയും ഇങ്ങോട്ടേക്കാണ്. സംസ്ഥാന പട്ടികജാതി–പട്ടികവർഗ ക്ഷേമ വകുപ്പു മന്ത്രി ഒ.ആർ.കേളുവാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് രാമൻ രാജമന്നാനു കൈമാറിയത്. എല്ലാ വർഷവും ഗോത്ര വിഭാഗത്തിൽപെട്ട ദമ്പതികളെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തയക്കാറുണ്ട്.
‘രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മറ്റു നേതാക്കളെയുമൊക്കെ വളരെ അടുത്തുനിന്നു കണ്ടു. ഇരുവരും നടത്തിയ സൽക്കാരങ്ങളിലും പങ്കെടുത്തു. ഡൽഹി മെട്രോയുടെ ഭൂഗർഭ പാതയിൽ യാത്ര ചെയ്തു. ഇടുക്കിയിൽ നിന്ന് വന്നത് കൊണ്ട് തണുപ്പ് അത്ര വലിയ വെല്ലുവിളിയായിരുന്നില്ല’– രാമൻ രാജമന്നാൻ പറഞ്ഞു. ഇതിനോടകം ഇന്ത്യാ ഗേറ്റ് ഉൾപ്പെടെ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു. അടുത്ത ദിവസങ്ങളിൽ കുത്തബ് മിനാറും ആഗ്രയും സന്ദർശിക്കും. യാത്രയിൽ സഹായിക്കാൻ നിലമ്പൂരിൽ നിന്നുള്ള ഐടിഡിപി ഓഫിസർ സി.ഇസ്മായിലും ഒപ്പമുണ്ട്. തലസ്ഥാന സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി 2ന് നാട്ടിലേക്കു മടങ്ങും. ‘ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ മന്നാൻ സമുദായത്തിൽ നിന്ന് ഊരിനു പുറത്തേക്ക് ഒരാൾ ആദ്യമായി യാത്ര ചെയ്യുന്നത്. മുത്തച്ഛന്റെ അനുജനായിരുന്ന പാണ്ഡ്യനാണ് അന്നു ഡൽഹിയിലെത്തിയത്. തലസ്ഥാന സന്ദർശനത്തിന് ശേഷം ഊരിൽ തിരികെയെത്തിയ അദ്ദേഹം ഡൽഹി പാണ്ഡ്യനെന്നാണ് അറിയപ്പെട്ടിരുന്നത്. സമുദായത്തിൽ നിന്ന് കൂടുതൽ ആളുകൾ ഇപ്പോൾ പഠനത്തിനും ജോലികൾക്കുമായി മറ്റു സ്ഥലങ്ങളിലേക്കു പോയി തുടങ്ങിയിട്ടുണ്ട്.
സമുദായത്തിന്റെ രാജാവായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് ഇതുപോലൊരു ദേശീയ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്’– രാജമന്നാൻ പറഞ്ഞു.എറണാകുളം മഹാരാജാസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ രാമൻ രാജമന്നാൻ, സമുദായത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും കൃഷിയിലും സജീവമാണ്. മന്നാൻ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. ആചാര വസ്ത്രങ്ങൾക്കു പുറമേ രണ്ട് മന്ത്രിമാരും ഭടന്മാരും സേവകരായുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.