ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ പോകുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. നാളെ ഉച്ചയ്ക്ക് 12.30ക്ക് നടക്കുന്ന റോളൗട്ട് പരിപാടിയിൽ യുസിസിയുടെ പോർട്ടൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജുകളാണ് ഈ ബില്ലിനുളളത്.
വിവാഹം, വിവാഹമോചനം, ഉത്തരാഖണ്ഡിലെ എല്ലാ പൗരൻമാർക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അർഹത എന്നിവ ബില്ല് നിഷ്‌കർഷിക്കുന്നുണ്ട്.
ശൈശവ വിവാഹ നിരോധനം, എല്ലാ മതത്തിലും പെട്ടവർക്ക് ഏകീകരിച്ച വിവാഹ പ്രായം എന്നിവയും നിയമത്തിലുണ്ട്. ആദിവാസി വിഭാഗത്തെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പടെ ഉത്തരാഖണ്ഡിലുളളവർക്ക് യുസിസി ബാധകമാണെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു.ഇനിമുതൽ നടക്കുന്ന എല്ലാ വിവാഹങ്ങളുടെ രജിസ്‌ട്രേഷൻ 60 ദിവസങ്ങൾക്കുളളിൽ പൂർത്തിയാക്കണം. 2010 മാർച്ച് 26 മുതൽ നടന്ന വിവാഹങ്ങളും പുതിയ നിയമം അനുസരിച്ച് ആറ് മാസത്തിനുളളിൽ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്.
വിവാഹത്തിനായുളള കൃത്യമായ പ്രായപരിധിയും നിയമം അനുശാസിക്കുന്നുണ്ട്. പുരുഷൻമാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആണ് നിഷ്കർഷിച്ചിരിക്കുന്ന പ്രായപരിധി. വിവാഹചടങ്ങുകളിൽ മതപരമായ ആചാരങ്ങൾ പിന്തുടരാമെങ്കിലും നിയമപരമായ അനുമതി നിർബന്ധമായിരിക്കും. അതേസമയം, യുസിസിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. യുസിസി മതപരമായ രീതിയിൽ സാമൂഹിക വിഭജനത്തിന് കാരണമാകുമെന്നാണ് വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.