മലപ്പുറം: കാന്തപുരം എപി അബൂക്കർക്കെതിരേയുള്ള സിപിഎം നിലപാട് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയമുതലെടുപ്പിൻ്റെ ഭാഗമാണെന്ന് പി.വി. അൻവർ. ഒരു സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും പി.വി.അൻവർ ആരോപിച്ചു.
'കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതൃത്വവും സിപിഎമ്മിലെ ഉത്തരവാദിത്വപ്പെട്ടവരും നിരന്തരമായി മുസ്ലിം സമുദായത്തെയും മുസ്ലിം സാമുദായിക നേതാക്കളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന കാഴ്ചയാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം തീവ്രവാദികളാണ് പ്രിയങ്കാഗാന്ധിയെ വിജയിപ്പിച്ചത് എന്ന വ്യാഖ്യാനം കൊണ്ടുവന്നത് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാണ്. പ്രസ്താവന കഴിഞ്ഞ് മിനിട്ടുകള്‍ക്കകം കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഇന്ത്യയിലാകെ ഇത് പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ഇന്നും ആ പ്രചരണം തുടരുകയാണ്. അതോടൊപ്പം തന്നെ മുസ്ലിം സാമുദായിക നേതാക്കന്മാരെ പ്രത്യേകിച്ച് പാണക്കാട് സാദിഖലി തങ്ങളെ വര്‍ഗീയവാദിയാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് രണ്ടുതവണ ആലോചിക്കേണ്ടി വന്നില്ല.'
'എല്ലാം കഴിഞ്ഞിപ്പോള്‍ കേരളീയ പൊതുസമൂഹം ബഹുമാനിക്കുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ കുറിച്ചുള്ള പ്രസ്താവനയാണ് ഏറ്റവും അവസാനം വന്നത്. സ്ത്രീ സമൂഹവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ ഒരു മതനേതാവ് എന്ന നിലയില്‍ മതത്തിന്റെ കാഴ്ചപ്പാടുകളിലൂടെ അദ്ദേഹം നടത്തിയ പ്രസ്താവനയെ വളരെ മോശമായി ചിത്രീകരിക്കുകയാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ചെയ്തത്. അത് വലിയ വിഷയമാക്കി കൊണ്ട് വന്ന് മുസ്ലീങ്ങള്‍ അറുപിന്തിരിപ്പന്മാരാണ് എന്നാക്കി. ആ പറഞ്ഞ വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്നവരെ കുറിച്ചും ഞാന്‍ പറയുന്നില്ല എന്നാണ് എം.വി.ഗോവിന്ദന് പറഞ്ഞത്. ആ പറഞ്ഞതിന്റെ അര്‍ഥം കേരളീയ സമൂഹത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിലേറെയധികം കാന്തപുരത്തെ അവഹേളിക്കാനുള്ള വാക്കുകള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഇല്ലാത്തത് കൊണ്ടാണ് ഈ രീതിയിലുള്ള അവഹേളനം നടത്തിയത്.'
'സ്ത്രീകളും പുരുഷന്മാരും ഇടകലരാതിരിക്കാനുള്ള മേഖലകള്‍ സര്‍ക്കാര്‍ തന്നെ വേര്‍തിരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം വാര്‍ഡ് എന്തിനാണ്. ഇവിടെയാണ് ഒരു മതനേതാവ് പറഞ്ഞ മതപരമായ കാഴ്ചപ്പാടിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ അവഹേളിക്കുന്ന രീതിയില്‍ ഒരു ലജ്ജയുമില്ലാതെ പ്രസ്താവനകള്‍ നടത്തിയത്. ഇത് സിപിഎമ്മിന്റെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള രാഷ്ട്രീയ അജണ്ട പൂര്‍ണമായും വോട്ടാക്കി മാറ്റാന്‍ ഹിന്ദുത്വ തീവ്രവാദികളെ സന്തോഷിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് ഈ പ്രസ്താവനകള്‍ നടക്കുന്നത്.''എന്തിനാണ് സിപിഎം നേതൃത്വം മതത്തിലിടപെടുന്നത്. മതമില്ലെന്ന് വിശ്വസിക്കുകയും ദൈവമില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടി എന്തിനിത്തരം കാര്യങ്ങളിലിടപെടുന്നു എന്നതില്‍ അവര്‍ ഉത്തരം നല്‍കണം. മുമ്പ് ശബരിമല പ്രശ്നത്തില്‍ സിപിഎം ഇടപെട്ടതിന് ഏറ്റവും വലിയ വില നല്‍കേണ്ടി വന്നു. ക്രൈസ്തവസമുദായത്തിലുള്ളവരെ നികൃഷ്ടജീവികളെന്ന് വിളിച്ചവരുണ്ട്. ഒരു ഘട്ടത്തില്‍ കാന്തപുരത്തെ പിണറായി വിജയന് വേസ്റ്റ് എന്ന് പറഞ്ഞു. ഈ സമൂഹം അത് തിരിച്ചറിയണം. എല്ലാ തിരഞ്ഞെടുപ്പിലും നിങ്ങളുടെ വോട്ട് വാങ്ങിയാണ് അവര്‍ അധികാരത്തില്‍ വരുന്നത്. വോട്ട് വാങ്ങി അധികാരത്തില്‍ വന്ന ശേഷം നിങ്ങളോടുള്ള സമീപനമെന്താണ് എന്ന് തിരിച്ചറിയണം. നിങ്ങളെ വഞ്ചിക്കുന്ന രീതി തിരിച്ചറിയണം',പി.വി.അൻവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.