ആലപ്പുഴ: അസാധാരണ രൂപമാറ്റത്തോടെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെയും ജനിച്ച രണ്ടുമാസം പ്രായമായ കുഞ്ഞിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസ്സം നേരിടുന്ന കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്നു പരിശോധനയിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു.
അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയെ തുടർന്നാണു കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നാണു മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
കണ്ണ് തുറക്കാതെയും കൈകാലുകൾ തളർന്ന നിലയിലും കുട്ടിയെ ഇന്നലെ രാവിലെ 9.30നാണ് മാതാപിതാക്കളായ ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദും സുറുമിയും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ ഓക്സിജൻ ലവൽ കുറവാണെന്നു കണ്ടെത്തി.
തുടർന്നു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉടൻ മെഡിക്കൽ ബോർഡ് കൂടി. 72 മണിക്കൂറിനു ശേഷമേ ആരോഗ്യ നിലയിലെ പുരോഗതിയെക്കുറിച്ചു പറയാൻ കഴിയൂ എന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, സൂപ്രണ്ട് ഡോ.അബ്ദുൽ സലാം, ശിശുരോഗ വിഭാഗം അസിസ്റ്റന്റ് ഡോ.ജോസ് ജേക്കബ് എന്നിവർ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക നോഡൽ ഓഫിസറെ നിയമിച്ചു. നവംബർ എട്ടിന് ജനിച്ച കുഞ്ഞ് ഈ മാസം ഒന്നിനാണ് ആദ്യമായി കണ്ണ് തുറന്നത്.
ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നു വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിൽ തുടർ നടപടികളുണ്ടായില്ലെന്നു കുട്ടിയുടെ പിതാവ് അനീഷ് മുഹമ്മദ് ആരോപിച്ചു. സ്വകാര്യ ലാബുകൾക്കെതിരെ പേരിനു നടപടിയെടുത്തത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായില്ലെന്നും അന്വേഷണം അട്ടിമറിച്ചെന്നും അനീഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.