തിരുവനന്തപുരം:കേരള പ്രവേശനപരീക്ഷാ കമ്മിഷണർ, പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) മെഡിക്കൽ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്‌മെന്റിന്റെ മൂന്നാംഘട്ടത്തിലേക്ക് പുതിയ ഓപ്ഷനുകൾ ക്ഷണിച്ചു.
ഒഴിവുകൾ: രണ്ടാംഘട്ടത്തിനുശേഷമുള്ള ഒഴിവുകളാണ് മുഖ്യമായും ഈ ഘട്ടത്തിൽ നികത്തുക. ഒഴിവുകളുടെ പട്ടിക www.cee.kerala.gov.in -ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, കോഴിക്കോട് കെ.എം.സി.ടി. മെഡിക്കൽ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കൽ കോളേജ് എന്നിവയിൽ അനുവദിച്ച അധിക സീറ്റുകൾ, ഒഴിവുള്ള കാറ്റഗറി സീറ്റുകൾ വ്യവസ്ഥകൾപ്രകാരം പരിവർത്തനം ചെയ്യുമ്പോൾ വരുന്ന ഒഴിവുകൾ, കൗൺസലിങ് പ്രക്രിയയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകൾ എന്നിവയും ഈ ഘട്ടത്തിൽ നികത്തും. അതിനാൽ, നിലവിലെ വേക്കൻസികൾ മാത്രം പരിഗണിക്കാതെ, അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള സീറ്റുകൾകൂടി പരിഗണിച്ച് ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ശ്രദ്ധിക്കണം.
പുതിയ ഓപ്ഷൻ നിർബന്ധം: മൂന്നാംഘട്ടത്തിൽ പങ്കെടുക്കുന്നവരെല്ലാം പുതിയ ഓപ്ഷനുകൾ രജിസ്റ്റർചെയ്യണം. മുൻഘട്ടങ്ങളിലേക്ക് രജിസ്റ്റർചെയ്ത ഓപ്ഷനുകൾ, മൂന്നാംഘട്ടത്തിലേക്ക് പരിഗണിക്കുന്നതല്ല.
അർഹത: പ്രവേശനപരീക്ഷാ കമ്മിഷണർ 16.11.2024-ന് പ്രസിദ്ധപ്പെടുത്തിയ പി.ജി. മെഡിക്കൽ 2024 കേരള മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവർ (അർഹതയ്ക്കു വിധേയമായി), 05.01.2025, 07.01.2025 എന്നീ തീയതികളിലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷ നൽകിയവർ എന്നിവർക്ക് www.cee.kerala.gov.in വഴി ജനുവരി 13-ന് വൈകീട്ട് മൂന്നുവരെ പുതിയ ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.പുതുതായി അപേക്ഷിച്ചവരുടെ അപേക്ഷ, അവർ സംവരണത്തിനായി അപ്‌ലോഡ് ചെയ്ത രേഖകൾ എന്നിവയുടെ പരിശോധന പൂർത്തിയാക്കി അർഹത ലഭിച്ചാൽമാത്രമേ നൽകിയ ഓപ്ഷനുകൾ അലോട്മെന്റിനായി പരിഗണിക്കൂ.
പുതുതായി അപേക്ഷ നൽകിയ ഇൻ-സർവീസ് അപേക്ഷകർക്ക്, അവരുടെ ഇൻസർവീസ് ക്വാട്ട അർഹത മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച ശേഷമേ ഓപ്ഷനുകൾ രജിസ്റ്റർചെയ്യാൻ കഴിയൂ.ഇൻ-സർവീസ് അപേക്ഷകരുടെ പുതുക്കിയ സ്റ്റേറ്റ്-അധിഷ്ഠിത റാങ്ക്, എൻ.ബി.ഇ.എം.എസ്. ലഭ്യമാക്കിയതിനുശേഷമേ അവരുടെ ഓപ്ഷനുകൾ അലോട്മെന്റിനായി പരിഗണിക്കൂ.
രജിസ്‌ട്രേഷൻ ഫീ: ആദ്യഘട്ടത്തിൽ രജിസ്റ്റർചെയ്യാത്തവർക്ക് ഈ ഘട്ടത്തിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ പുതുതായി ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ അടച്ച് രജിസ്റ്റർ ചെയ്യണം. രണ്ടാംഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർ, പ്രവേശനം നേടി സീറ്റ് ഉപേക്ഷിച്ചവർ എന്നിവരും മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ വീണ്ടും രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം. തുകയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.