തിരുവനന്തപുരം: മോട്ടര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്തു എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു ടാബ് നല്‍കും.
ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ നല്കുന്ന വിവരമനുസരിച്ചാണു ഉടനടി ലൈസന്‍സ് ലഭ്യമാകുക. റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഡിസ്പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനയ്ക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല’’ – ഗണേഷ് കുമാർ പറഞ്ഞു.
‘‘അഞ്ചുദിവസത്തിനകം ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ചു ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായി.’’ – മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.