തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസ്സുകാരി മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല, ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുവീട്ടിലെത്തിച്ചു.
ബന്ധുവീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം. നാടൊന്നാകെ കണ്ണീരോടെ ദേവേന്ദുവിനെ അവസാനമായി ഒരിക്കൽ കൂടി കാണാനൊഴുകിയെത്തുകയാണ്. അനുജത്തിയുടെ മരണകാരണമോ, കാരണക്കാരോ ആരെന്നറിയാതെ സഹോദരിയും കണ്ണീരോടെ സമീപത്തുണ്ട്. പ്രതിപട്ടികയിൽ അമ്മയും ബന്ധുക്കളുമുള്ളതിനാൽ തുടർനടപടികൾ എങ്ങനെയെന്നതിൽ വ്യക്തത വരുന്നേയുള്ളൂ.
അതേസമയം, സംഭവത്തിൽ അമ്മ ശ്രീതുവിനെയും പോലീസ് പ്രതി ചേർത്തുവെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ ശ്രീതുവിന്റെെയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.
ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാൽ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. അയൽവാസികളുടെ മൊഴികളിൽ നിന്ന് ശ്രീതു പറയുന്നതിൽ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചുവരുകയാണ്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.