തിരുവനന്തപുരം: വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരുപാട് പാപഭാരം ചുമന്ന ആളാണ് താനെന്ന് അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താൻ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി ഏല്പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനൊപ്പമുള്ള യാത്രയില്‍ കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞാണ് എം.എല്‍.എ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. രാജി പോരാട്ടത്തിന്റെ അടുത്തഘട്ടം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു
'നിലമ്പൂരിലെ ജനങ്ങള്‍ക്ക് നന്ദി. നിയമസഭയില്‍ എത്തിച്ചേരാന്‍ പിന്തുണ നല്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. എം.എല്‍.എ എന്ന നിലയിലെ എട്ടര വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിന് ശേഷം കഴിഞ്ഞ 11-ാം തീയതി തന്നെ സ്പീക്കര്‍ക്ക് ഇ-മെയിലൂടെ രാജി അയച്ചു. സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് രാജി സമര്‍പ്പിക്കണമെന്ന് ആക്ടട് പറയുന്നുണ്ട്. നേരിട്ട് അയക്കാന്‍ സാഹചര്യം ഇല്ലായിരുന്നു. ഇന്ന് നേരിട്ട് സമര്‍പ്പിച്ചു. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കാണ്. രാജി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്', അൻവർ പറഞ്ഞു.
മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് രാജിവെക്കുന്നതെന്നും മലയോര മേഖലയിലെ ജനങ്ങള്‍ക്കായി പോരാടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന് മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അന്‍വര്‍ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.