പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസ് വിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്. മനുഷ്യര്‍ നുണ പറഞ്ഞാലും ശാസ്ത്രം നുണ പറയില്ലെന്നും കേസില്‍ പ്രധാനമായും പ്രോസിക്യൂഷനെ സഹായിച്ചത് ശാസ്ത്രീയമായ തെളിവുകളാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന് പറഞ്ഞു. കോടതി വിധിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിധിയില്‍ തൃപ്തനാണ്. പ്രത്യക്ഷ തെളിവുകളില്ലാതെ, സാഹചര്യത്തെളിവുകള്‍ മാത്രം നിരത്തിയാണ് ഈ കേസ് മുന്നോട്ടുപോയത്. മനുഷ്യര്‍ ചിലപ്പോള്‍ നുണ പറഞ്ഞേക്കാം, പക്ഷേ ശാസ്ത്രം നുണ പറയില്ല. Science will never speak lie. ഇതില്‍ പ്രോസിക്യൂഷനെ പ്രധാനമായും സഹായിച്ചത് ശാസ്ത്രീയമായ തെളിവുകളാണ്.' -പ്രോസിക്യൂട്ടര്‍ പറഞ്ഞു.
'കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച, മരിച്ച നബീസയുടെ മുടിയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സമയത്ത് ഡോക്ടര്‍ ശേഖരിച്ച മുടിയും ഒന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അതുപോലെ നബീസയുടെ വയറ്റിലുണ്ടായിരുന്ന വിഷവും അവരെ കുടിപ്പിച്ച വിഷവും ഒന്നാണെന്നും കണ്ടെത്തി.' -അഡ്വ. പി. ജയന് തുടര്‍ന്നു.
'ഇത് ആത്മഹത്യയാണെന്നായിരുന്നു ഒരുവാദം. പ്രതികള്‍ വ്യാജമായ ആത്മഹത്യാ കുറിപ്പ് വരെ എഴുതിയുണ്ടാക്കി. എന്നാല്‍ സ്വയം വിഷം കുടിക്കുന്നതും മറ്റൊരാള്‍ വിഷം കുടിപ്പിക്കുന്നതും വ്യത്യസ്തമായാണ് ആന്തരികാവയവങ്ങളില്‍ കാണുക എന്നാണ് ഡോക്ടര്‍ പറഞ്ഞത്. നബീസയുടെ ശ്വാസകോശത്തില്‍ ഉള്‍പ്പെടെ വിഷം എത്തിയിരുന്നു. ഇതില്‍നിന്ന് നബീസ സ്വയം വിഷം കഴിച്ചതല്ലെന്ന് കോടതി കണ്ടെത്തി. വളരെ മൃഗീയമായി നബീസയുടെ വായില്‍ വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞു.'
'കേസിലെ സാഹചര്യത്തെളിവുകളെല്ലാം തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചു. റംസാന് കാലത്താണ് സംഭവം നടന്നത്. വൈകുന്നേരം നോമ്പുതുറക്കാനായി നബീസ ആദ്യം ചിറയ്ക്കല്‍പടിയിലെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴാണ് മണ്ണാര്‍ക്കാട് നിന്ന് കൂട്ടിക്കൊണ്ടുപോയത്. പോകുന്ന വഴി അവര്‍ വാങ്ങിയ സാധനങ്ങള്‍ കടക്കാര് തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള എല്ലാ തെളിവുകളും ഒരു വിടവുമില്ലാതെ കോര്‍ത്തിണക്കിയാണ് കേസ് തെളിയിക്കാന്‍ കഴിഞ്ഞത്.' -പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) 2016 ജൂണ്‍ 23-നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ വിധിച്ചത്. നബീസയുടെ മകളുടെ മകന് തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (45), ഭാര്യ ഫസീല (36) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ക്ക് രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
മണ്ണാര്‍ക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേര്‍ന്ന്, ഇവര്‍ വാടകയ്ക്കു താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്.
പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു. അസ്വഭാവികമരണത്തിനു നാട്ടുകല്‍ പോലീസാണു കേസ് രജിസ്റ്റര്‍ചെയ്തത്. മൃതദേഹത്തിനുസമീപമുള്ള ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും നബീസയുടെ ഫോണും കണ്ടെടുത്തിരുന്നു. ഇതിലെ ആത്മഹത്യാക്കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
നബീസയ്ക്ക് എഴുതാന്‍ അറിയില്ലെന്നു ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു ബഷീറിനെയും ഭാര്യയെയും വീട്ടില്‍നിന്നു മുന്‍പ് പുറത്താക്കിയിരുന്നു. സ്വര്‍ണം മോഷ്ടിച്ചതു നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള വൈരാഗ്യംകൊണ്ടും ബഷീറിന്റെ മാതാവിന്റെ സ്വര്‍ണം കാണാതായതുസംബന്ധിച്ചുള്ള സംശയങ്ങള്‍ പുറത്തുവരാതിരിക്കാനുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
ഭര്‍ത്തൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ളവ്യക്തിയാണ് ഫസീല. അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയുമാണ് ആ കേസില്‍ ശിക്ഷ ലഭിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.