പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കുടുംബം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയത് ശ്രദ്ധയിപ്പെട്ടപ്പോള്‍ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം വ്യക്തമാക്കി. അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ് വാദം.
പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ.രാജേഷ്.എം.മേനോനെ ഇനിയെങ്കിലും പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന്റെ അവകാശമാണ് വിശ്വാസമുള്ള പ്രോസിക്യൂട്ടര്‍ വേണമെന്നത്. നിലവിലെ പ്രോസിക്യൂട്ടര്‍ ഫോണില്‍ പോലും വിളിച്ച് വിവരങ്ങള്‍ തേടിയിട്ടില്ല. പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കും – കുട്ടികളുടെ കുടുംബം വിശദമാക്കി.
സിബിഐ കുറ്റപത്രം യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാര്‍ നീതിസമരസമിതി ആരോപിച്ചിരുന്നു. ഈ കേസില്‍ സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട സിബിഐയുടെ രണ്ടാം അന്വേഷണസംഘവും കേസില്‍ കൊലപാതകത്തിന്റെ സാധ്യത തേടുകപോലും ഉണ്ടായില്ല. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും കുട്ടിയുടെ ഉയരവും സെലോഫിന്‍ പരിശോധനാവിവരങ്ങളും ആദ്യത്തെ കുട്ടി കൊല്ലപ്പെട്ടപ്പോള്‍ രണ്ടാമത്തെ കുട്ടി നല്കിയ മൊഴികളും ആത്മഹത്യ ചെയ്ത പ്രതിയുടെ ഫോണ്‍ വിവരങ്ങളും മറ്റു പല സാഹചര്യതെളിവുകളും അവര്‍ പരിഗണിച്ചതേയില്ലെന്നും വാളയാര്‍ നീതിസമരസമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ത്താണ് സിബിഐ ഇന്നലെ അനബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.