ദില്ലി: രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സർവെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരില്‍ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്‍റെ സർവെയിലെ പ്രവചനം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു.എ എ പി സീറ്റുകളില്‍ കാര്യമായ കുറവുണ്ടാകും എന്നാണ് ഫലോദി സത്ത ബസാറിന്‍റെ പ്രവചനം. ഭരണം നഷ്ടമായേക്കാവുന്ന സാഹചര്യമെന്നും സർവെ ചൂണ്ടികാട്ടുന്നുണ്ട്. അതേസമയം 27 വർഷങ്ങള്‍ക്കിപ്പുറം ബി ജെ പി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയേക്കുമെന്ന സൂചനകളും പ്രവചനം പങ്കുവയ്ക്കുന്നുണ്ട്. ബിജെപി 35 സീറ്റ് വരെ നേടിയേക്കാം എന്നാണ് സർവെ പറയുന്നത്. കോണ്‍ഗ്രസാകട്ടെ 3 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.
അതിനിടെ ദില്ലി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത അധികാരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബി ജെ പിക്ക് പുതിയ പ്രതിസന്ധിയായി എൻ ഡി എ മുന്നണിയില്‍ ഭിന്നത ശക്തമായി എന്നതാണ്. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
സീറ്റ് വിഭജന ചർച്ചകളിലെ തർക്കത്തെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആർ പി ഐയുടെ പ്രഖ്യാപനം. എൻ ഡി എ മുന്നണിക്കൊപ്പം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ആർ പി ഐ, ദില്ലിയിലെ 15 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. അതേസമയം ആർ പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി നേതൃത്വം തുടരാനാണ് സാധ്യത.
അതിനിടെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി ജയിച്ചാല്‍ അരവിന്ദ് കെജ്‍രിവാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് സഞ്ജയ് സിങടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വോട്ടുകള്‍ അട്ടിമറിയ്ക്കാൻ ബി ജെ പി ശ്രമിക്കുകയാണെന്നും ബി ജെ പിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും സഞ്ജയ് സിങ് എം പി പറഞ്ഞിരുന്നു.
ദില്ലിയിലെ ജനങ്ങള്‍ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നല്‍കുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി. നിരവധി ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് കെജ്‍രിവാള്‍ മുഖ്യമന്ത്രിയാകും.
വോട്ടിംഗ് അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കഴിഞ്ഞെന്നും ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് വിവരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.