ഡല്‍ഹി: സീറ്റ് റിസർവ് ചെയ്‌തുള്ള ട്രെയിൻ യാത്രകളാണ് സൗകര്യപ്രദമെന്ന് പലരും പറയാറുണ്ട്. എന്നാല്‍, നേരത്തേ റിസർവ് ചെയ്‌ത് പോകുന്നവർക്കും പല തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.അപ്പർ ബർത്ത് റിസർവ് ചെയ്‌ത ഒരാളെ താഴത്തെ സീറ്റില്‍ ഇരിക്കാൻ അനുവദിക്കാത്തതാണ് സംഭവം. താഴത്തെ സീറ്റ് തന്റേതാണെന്നാണ് സഹയാത്രികൻ അവകാശപ്പെട്ടത്. സ്ലീപ്പറില്‍ അപ്പർ ബർത്തും മിഡില്‍ ബർത്തും ബുക്ക് ചെയ്‌തവർക്ക് താഴത്തെ സീറ്റില്‍ ഇരിക്കാമോ? അങ്ങനെയെങ്കില്‍ എത്ര സമയം ഇരിക്കാം? എന്ന ചോദ്യങ്ങളും ഈ പോസ്റ്റിട്ടയാള്‍ ചോദിക്കുന്നുണ്ട്. പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്.
ഇന്ത്യൻ റെയില്‍വേയുടെ നിയമങ്ങള്‍ മനസിലാക്കിയാല്‍ ഇതുപോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാതെ നിങ്ങള്‍ക്ക് സമാധാനമായി യാത്ര ചെയ്യാം. ഇന്ത്യൻ റെയില്‍വേ കൊമേഴ്‌സ്യല്‍ വോള്യം ഒന്നിലെ 652-ാം പാരഗ്രാഫില്‍ റിസർവേഷൻ ക്ലാസിലെ ബുക്ക് ചെയ്‌ത യാത്രക്കാരെക്കുറിച്ച് പറയുന്നതറിയാം.
രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് റിസർവ് ചെയ്‌ത യാത്രക്കാർക്ക് ബർത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയങ്ങളിലെല്ലാം അപ്പർ, മിഡില്‍ ബർത്തുകള്‍ ബുക്ക് ചെയ്‌തവർക്കും താഴെയുള്ള സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാം. ശാരീരിക പരിമിധികളോ അസുഖങ്ങളോ ഉള്ളവർ, ഗർഭിണികള്‍ എന്നിവരുണ്ടെങ്കില്‍ കൂടുതല്‍ സമയം വിശ്രമിക്കാൻ അനുവദിക്കണമെന്നും റെയില്‍വേ നിർദേശിക്കുന്നുണ്ട്.
മാത്രമല്ല, പത്ത് മണിക്ക് ശേഷം സമാധാനമായി ഉറങ്ങാൻ ലൈറ്റ് ഓഫ് ചെയ്യണമെന്നും സംഘമായി വന്ന യാത്രക്കാർ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറാൻ പാടില്ലെന്നും നിയമത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.