ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന്റെ കരട് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ചു. വോട്ടെടുപ്പില്‍ 11 നെതിരെ 16 വോട്ടുകളോടെയാണ് ഭേദഗതി ബില്‍ അംഗീകരിച്ചതെന്ന് ജെപിസി ചെയര്മാന് ജഗദംബികാപാല്‍ അറിയിച്ചു.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്.പുതിയ ബില്ലുകളിന്മേല് എന്തെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ ഇന്നു വൈകീട്ട് നാലു മണിക്കകം സമര്‍പ്പിക്കാന്‍ സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ റിപ്പോര്‍ട്ട് നാളെ ലോക്സഭ സ്പീക്കര്‍ക്ക് കൈമാറുമെന്നും ജെപിസി ചെയര്മാന് ജഗദംബികപാല്‍ അറിയിച്ചു. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കല്യാണ്‍ ബാനര്‍ജി, നദിമുല്‍ ഹഖ്, ഡിഎംകെ എംപി എ രാജ, എഎപി നേതാവ് സഞ്ജയ് സിങ്, ശിവസേന (ഉദ്ധവ് താക്കറെ) എംപി അരവിന്ദ് സാവന്ത് എന്നിവര്‍ ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വേണ്ട സമയം നല്‍കിയില്ലെന്നാണ് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തുന്നത്. വരുന്ന ബജറ്റ് സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി ബില്‍ പാസ്സാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ 2024, ഓഗസ്റ്റ് എട്ടിനാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) പരിശോധനയ്ക്കായി വിട്ടത്. അമുസ്ലിങ്ങളായ രണ്ടുപേർ വഖഫ് ബോർഡ് ഭരണസമിതിയിൽ ഉണ്ടാകുമെന്നത് ഉൾപ്പടെയുള്ളവയാണ് പുതിയ ബില്ലിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.