ഡല്‍ഹി: ക്രൈസ്തവ മതാചാരപ്രകാരം പാസ്റ്ററുടെ മൃതസംസ്കാരം നടത്താൻ അനുമതി നിഷേധിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി.
പിതാവിന്‍റെ സംസ്കാര ചടങ്ങുകള്‍ നടത്താൻ സുപ്രീംകോടതി വരെ കയറിയ മകന്‍റെ അവസ്ഥ വേദനാജനകമാണെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയം പരിഹരിക്കാൻ സർക്കാരിനും ഹൈക്കോടതിക്കും കഴിയാതെ പോയതില്‍ നിരാശയും മേല്‍ക്കോടതി പ്രകടിപ്പിച്ചു.ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തില്‍ ക്രിസ്ത്യൻ മതാചാരപ്രകാരം പിതാവിന്‍റെ മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യം നിഷേധിച്ച വിഷയത്തില്‍ മകൻ നല്‍കിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
ഒരാളുടെ ആഗ്രഹപ്രകാരം അയാളുടെ മൃതദേഹം സംസ്കരിക്കാൻ കഴിയാത്തത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു
. മൃതദേഹം മോർച്ചറിയില്‍ ഇനിയും സൂക്ഷിക്കാൻ കഴിയില്ലെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും വിഷയത്തില്‍ വൈകാരികമായി തീരുമാനമെടുക്കരുതെന്ന വാദം കണക്കിലെടുത്ത് ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനായി മാറ്റി.
കഴിഞ്ഞ ഏഴിനു മരിച്ച ഛത്തീസ്ഗഡിലെ ബസ്തർ നിവാസിയായ സുഭാഷ് ബാഗലിന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെ ശ്മശാനത്തില്‍ സംസകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മകൻ രമേശ് ബാഗലിനു സുപ്രീംകോടതി വരെ കയറേണ്ടി വന്നത്.മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഒരു ശ്മശാനം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ മതാചാരപ്രകാരം സുഭാഷ് ബാഗലിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനെ ഗ്രാമവാസികള്‍ എതിർത്തതോടെ കഴിഞ്ഞ 13 ദിവസമായി മൃതദേഹം മോർച്ചറിയില്‍ സൂക്ഷിരിക്കുകയാണ്.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ബാഗലിന്‍റെ കുടുംബത്തിന് ശ്മശാനത്തില്‍ പ്രത്യേകം സ്ഥലമനുവദിക്കാൻ കഴിയില്ലെന്ന ഗ്രാമീണരുടെ നിലപാടിനെ ചോദ്യം ചെയ്തു
രമേശ് ബാഗല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗ്രാമത്തിലെ ശ്മശാനത്തില്‍ ക്രൈസ്തവർക്കു പ്രത്യേക സ്ഥലം അനുവദിച്ചിട്ടില്ലെന്നും 25 കിലോമീറ്റർ അപ്പുറമുള്ള മറ്റൊരു ഗ്രാമത്തില്‍ പ്രത്യേക സ്ഥലമുണ്ടെന്നും ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മകൻ രമേശ് ബാഗല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ശ്മശാനത്തില്‍ ക്രൈസ്തവർക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടില്ലെന്ന് ഗ്രാമീണർ എതിർപ്പ് ഉന്നയിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരായ തങ്ങളുടെ ബന്ധുക്കളെയും മുൻഗാമികളെയും അവിടെത്തന്നെയാണു സംസ്കരിച്ചതെന്നും തന്‍റെ പിതാവിനെയും അദ്ദേഹത്തിന്‍റെ ഹിതപ്രകാരം അവിടെത്തന്നെ അടക്കം ചെയ്യണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.