കരുതലോടെ ആരോഗ്യ വകുപ്പ് : രാജ്യത്ത് എച്ച്‌എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധര്‍, നിരീക്ഷിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

 ദില്ലി: എച്ച്‌എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

രോഗികളുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ ഇന്ത്യയില്‍ ആറ് എച്ച്‌എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

 യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച്‌ ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. 

ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു.

 ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളില്‍ ചികിത്സ തേടിയ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊല്‍ക്കത്തയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയില്‍ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്. 

2001ല്‍ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്‌എംപിവിക്കായി പ്രത്യേക പരിശോധനകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്‌എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങള്‍ പാലിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങാതിരിക്കുക

, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളില്‍ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്.

 എന്നാല്‍ ചൈനയില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങള്‍ക്കും നല്‍കുന്നുണ്ട്.

 അതിനാല്‍ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളില്‍ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച്‌ പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എച്ച്‌.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്‌.എം.പി.വി. വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം.

കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !