കൊല്‍ക്കത്ത: ആർജി കർ ബലാത്സംഗ കൊലപാതക കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ബംഗാള്‍ സർക്കാർ.
പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യം. കോടതി വിധിയിലെ കൊല്‍ക്കത്ത പൊലീസിനെതിരായ പരാമർശം സർക്കാരിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.വധശിക്ഷ വിധിക്കുമെന്ന് കരുതിയ കേസില്‍ പ്രതിക്ക് ശിക്ഷ ജീവപര്യന്തമായതോടെ വലിയ നിരാശയാണ് ആരോഗ്യ പ്രവർത്തകരടക്കം പങ്കുവെക്കുന്നത്. ഡോക്ടർമാരുടെ സംഘടനകള്‍ അടക്കം പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തി.
വിധിപകർപ്പില്‍ കൊല്‍ക്കത്ത പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനം വിചാരണ കോടതി ജഡ്ജി ഉയർത്തിയതോടെ ബംഗാള്‍ സർക്കാരും പ്രതിരോധത്തിലായി. 172 പേജുള്ള വിധിയില്‍ തുടക്കം മുതല്‍ പൊലീസിനുണ്ടായ വീഴ്ച്ച ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കളുടെ പരാതിയില്‍ യഥാസമയം നടപടി സ്വീകരിച്ചില്ല, അസ്വഭാവിക മരണമെന്ന് വ്യക്തമായിട്ടും പരാതി കിട്ടുന്നത് വരെ കേസ് എടുത്തില്ല എന്നു തുടങ്ങി പ്രതിയുടെ മൊബൈലില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിലടക്കം പൊലീസിന്റെ വീഴ്ച എണ്ണിയെണ്ണി പറയുന്ന വിധിപ്രസ്താവം അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന വാദത്തെ ശക്തമാക്കുന്നതാണ്. പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കില്‍ വധശിക്ഷ വാങ്ങി കൊടുക്കുമായിരുന്നു എന്ന സംസ്ഥാന സർക്കാരിൻ്റെ വാദത്തെ വിധി ഖണ്ഡിക്കുകയാണ്.
ഈ. സാഹചര്യത്തിലാണ് വധശിക്ഷ നല്‍കണമെന്ന അപ്പീല്‍ ഉടനടി സർക്കാർ സമർപ്പിച്ചത്. കല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. ഡോക്ടറുടെ കുടുംബവും ഉടൻ അപ്പീല്‍ സമർപ്പിക്കും. അതേസമയം കേസ് അട്ടിമറിച്ചത് മമത ബാനർജിയാണെന്ന് ബി ജെ പി ആരോപിച്ചു.മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കാൻ തയ്യാറാണോ എന്ന് ബി ജെ പി ചോദിക്കുന്നു. സിബിഐയും പൊലീസും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.