യുകെ: എല്ലാക്കാലത്തും ഭാവിയില്‍ ഈ ലോകം എങ്ങനെയായിരിക്കുമെന്നുള്ള ചിന്തകളും പ്രവചനങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ പ്രവചനങ്ങളില്‍ ചിലതൊക്കെ ശരിയായി വരും പക്ഷേ പലതും ശുദ്ധ മണ്ടത്തരങ്ങളായിരിക്കും.
ഇത്തരത്തില്‍ 100 വർഷം മുൻപ് 2025 എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.1925 -ല്‍, ഒരു കൂട്ടം ചിന്തകർ 2025 -ലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചില ഊഹങ്ങള്‍ നടത്തി. ആ പ്രവചനങ്ങളില്‍ സാങ്കേതികവിദ്യയും നഗരങ്ങളും ഒക്കെയുണ്ടായിരുന്നു. ഇന്ന് പരിശോധിക്കുമ്പോൾ ആ പ്രവചനങ്ങളില്‍ ചിലത് ഏറെ വിചിത്രമായി തോന്നാമെങ്കിലും മറ്റ് ചിലത് യാഥാർത്ഥ്യമായി എന്നതാണ് രസകരമായ വസ്തുത.
ആല്‍ബർട്ട് ഇ വിഗ്ഗാം എന്ന അമേരിക്കൻ മനഃശാസ്ത്രജ്ഞൻ അന്ന് പ്രവചിച്ച കാര്യങ്ങള്‍ ഇന്ന് നോക്കുമ്പോള്‍ തീർത്തും അസംബന്ധങ്ങളായി തോന്നും. വീടുകളില്‍ കഴിയുന്ന മടിയന്മാരും വിരൂപന്മാരുമായ ആളുകള്‍ക്ക് ബുദ്ധിമാന്മാരും സുന്ദരന്മാരുമായ ആളുകളെക്കാള്‍ കുട്ടികള്‍ ഉണ്ടാകുമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ഒരു പ്രവചനം. കൂടാതെ എല്ലാ മനുഷ്യരും വിരൂപന്മാരായി മാറുമെന്നും നൂറുവർഷത്തിന് ശേഷം സുന്ദരിയായ ഒരു പെണ്‍കുട്ടി പോലും ഉണ്ടാകില്ലെന്നും 1925 -ല്‍ അദ്ദേഹം 2025 -നെ കുറിച്ച് പ്രവചിച്ചു.
1902 -ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാള്‍ഡ് റോസ് പറഞ്ഞത്, 100 വർഷത്തിനുള്ളില്‍ മനുഷ്യൻ 150 വയസ്സ് വരെ ജീവിക്കുമെന്നായിരുന്നു. 'ദി ടൈം മെഷീൻ", "ദ വാർ ഓഫ് ദ വേള്‍ഡ്സ്", "ദി ഇൻവിസിബിള്‍ മാൻ" തുടങ്ങിയ സയൻസ് ഫിക്ഷൻ നോവലുകള്‍ എഴുതിയ യുകെ എഴുത്തുകാരൻ എച്ച്.ജി വെല്‍സിന്‍റെ പ്രവചനം,
2025-ല്‍ ആഗോള ശക്തിയെ ജനങ്ങളുടെ കോണ്‍ഫെഡറേഷനുകള്‍ നിയന്ത്രിക്കുമെന്നാണ്. കൂടാതെ 100 വർഷങ്ങള്‍ക്ക് ശേഷം രാഷ്ട്രങ്ങള്‍ ഉണ്ടാകില്ലെന്നും മറിച്ച് മൂന്ന് വലിയ ജനവിഭാഗങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പ്രവചിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് യൂറോപ്പ്, ചൈന എന്നിവയായിരുന്നു അദ്ദേഹം പ്രവചിച്ച ആ ജനവിഭാഗങ്ങള്‍.
ഭൂമി മുഴുവനും ഒരു ഗവണ്‍മെന്‍റിനാല്‍ ഭരിക്കപ്പെടുമെന്നും ലോകമെമ്പാടും ഒരു ഭാഷ മാത്രമേ എഴുതുകയും സംസാരിക്കുകയും ചെയ്യുകയുള്ളൂവെന്നും മറ്റു ചിലർ പ്രവചിച്ചു. യാത്രയും വാണിജ്യവും സൗജന്യമായിരിക്കുമെന്നും രോഗം മൂലം മരണം ഉണ്ടാകില്ലെന്നുമുള്ള പ്രവചനവും അന്ന് പുറത്ത് വന്നിരുന്നു.
ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ആർക്കിബാള്‍ഡ് എം ലോ തന്‍റെ 1925 -ലെ 'ദി ഫ്യൂച്ചർ' എന്ന പുസ്തകത്തില്‍ ടെലിവിഷൻ മെഷീനുകള്‍, ബ്രേക്ക്ഫാസ്റ്റ് ട്യൂബുകള്‍, ഓട്ടോമാറ്റിക് സ്ലീപ്പ് ബെഡ്ഡുകള്‍, വയർലെസ് ബാങ്കിംഗ്, ചലിക്കുന്ന നടപ്പാതകള്‍, കൃത്രിമമായി നിർമ്മിച്ച വണ്‍ പീസ് സ്യൂട്ടുകള്‍ തുടങ്ങിയവയെ കുറച്ചും പ്രവചനം നടത്തിയിട്ടുണ്ട്.
പല ചിന്തകരും ആഗോള പട്ടിണിയും എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകളുടെ കടന്നുവരവും എല്ലാ രോഗങ്ങള്‍ക്കും ചികിത്സയും പ്രവചിച്ചു. 100 വർഷത്തിനുള്ളില്‍ അമേരിക്ക ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്ന് പ്രൊഫസർ ലോവല്‍ ജെ റീഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനുള്ള പരിഹാരമായി അദ്ദേഹം പറഞ്ഞത്, ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്ഷണ വിതരണമോ അല്ലെങ്കില്‍ ജൈവ വസ്തുക്കളില്‍ നിന്നുള്ള കൃത്രിമ ഭക്ഷണമോ ആയിരുന്നു.
2025 ഓടെ ദാരിദ്ര്യം അവസാനിക്കുമെന്ന് അമേരിക്കയിലെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി പ്രസിഡന്‍റ് സോഫി ഐറിൻ ലോബ് പ്രവചിച്ചിരുന്നു. 'നമ്മുടെ ഭാവി പൗരന്മാർക്ക് - ചാരിറ്റിയല്ല, അവസരമാണ് വേണ്ടത്,' എന്നായിരുന്നു അവർ അന്ന് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.