തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. തന്റെ കോളേജ് പഠനകാലം മുതല്‍ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു.'ഗവർണറായി എത്തിയപ്പോള്‍ അദ്ദേഹത്തെ നിർബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാല്‍ അദ്ദേഹത്തേയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു.
അനാരോഗ്യംകൊണ്ട് വി.എസിന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു', ആർലേക്കർ കൂട്ടിച്ചേർത്തു.
യു.ജി.സി ബില്ലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഗവർണർ നിലപാട് വ്യക്തമാക്കി. കരട് നയമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ചർച്ചകള്‍ക്കുള്ള ഇടമുണ്ടെന്നും വ്യക്തമാക്കി.കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ആർലേക്കറെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്ക്കുന്ന നവകേരള നിർമാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്നും കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടെങ്കിലും അതിന്റെ പേരില്‍ ഭരണഘടനാ ചുമതല നിർവഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനില്‍നിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായെന്നും തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോവിന്ദൻ ലേഖനത്തില്‍ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.