വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി സംഘടിപ്പിച്ച സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നില്‍ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണ്‍ നിത അംബാനിയും പങ്കെടുത്തു.
വാഷിങ്ടണ്‍ ഡിസിയില്‍ ജനുവരി 20-ന് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും നിതയും മുകേഷ് അംബാനിയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായ അംബാനിക്ക് ട്രംപിന്റെ കാബിനറ്റ് നോമിനികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖ അതിഥികള്‍ക്കൊപ്പം ഇരിപ്പിടം ലഭിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന, എം3എം ഡെവലപ്പേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസാല്‍, ട്രൈബെക്ക ഡെവലപ്പേഴ്‌സിന്റെ സ്ഥാപകൻ കല്‍പേഷ് മേത്ത എന്നിവരടക്കമുള്ള മറ്റ് ഇന്ത്യൻ സംരംഭകർക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ട്രംപ് ടവേഴ്‌സിന്റെ ലൈസൻസുള്ള ഇന്ത്യൻ പാര്‍ട്ണറാണ് കല്‍പേഷ് മേത്ത. ട്രംപ് ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ നിർണായക പങ്കുവഹിച്ചു. ഇന്ത്യയില്‍ ട്രംപ് ടവറുകള്‍ വികസിപ്പിക്കുന്നതില്‍ പങ്കജ് ബൻസലിന്റെ എം3എം ഡെവലപ്പേഴ്‌സും ഒരു പ്രധാന പങ്കാളിയാണ്.
മുകേഷിന്റെയും നിത അംബാനിയുടെയും അരികില്‍ പോസ് ചെയ്യുന്ന ഫോട്ടോ മേത്ത ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. "നിയുക്ത പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെ നിതയ്ക്കും മുകേഷ് അംബാനിക്കുമൊപ്പം രസകരമായ രാത്രി" എന്നും അദ്ദേഹം കുറിച്ചു.
ഇവര്‍ക്ക് പുറമെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ആഗോള വ്യവസായ പ്രമുഖരും അത്താഴവിരുന്നില്‍ പങ്കെടുത്തു. നാളെയാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. 1985ന് ശേഷം ഇതാദ്യമായി കാലാവസ്ഥ കണക്കിലെടുത്ത് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണില്‍ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.