മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി, ഇന്ത്യയില്‍ ഒളിച്ചു കഴിഞ്ഞ 30 കാരനായ ബംഗ്ലാദേശി.. !!
അക്രമിയെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഷെരീഫുൽ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീർ എന്ന 30 കാരനായ ബംഗ്ലാദേശി, ഇന്ത്യയിൽ കുറച്ചു കാലമായി വ്യാജപേരിൽ (വിജയ് ദാസ്) താമസിച്ച് വരികയായിരുന്നു. താനെയിൽ വച്ചായിരുന്നു പ്രതിയുടെ അറസ്റ്റ്.
വിജയ് ദാസ് എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിങ് ഏജൻസിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ആറു മാസം മുംബൈയിൽ എത്തി കുറച്ച് നാൾ അവിടെ താമസിച്ചിരുന്നു. പിന്നീട് മടങ്ങിപ്പോയ പ്രതി 15 ദിവസം മുൻപാണ് മുംബൈയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാന്റെ വീട്ടിൽ നടന്ന സംഭവത്തിന് ശേഷം, താൻ ബാന്ദ്രയിൽ നിന്ന് ദാദറിലേക്ക് ട്രെയിനിൽ കയറിയെന്നും അവിടെ നിന്ന് വർളി കോളിവാഡയിലെ താമസസ്ഥലത്തേക്ക് നടന്നുപോയെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. "ടിവിയിലും യൂട്യൂബിലും തന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഭയന്നുപോയി. ഉടൻതന്നെ താനെയിലേക്ക് പോയെന്ന് അയാൾ ഞങ്ങളോട് പറഞ്ഞു. അവിടെ ഒരു ബാറിൽ ജോലി ചെയ്തിരുന്നു, ആ പ്രദേശം നന്നായി അറിയാമായിരുന്നുവെന്നും പ്രതി സമ്മതിച്ചു" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെടുകയും മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും ചെയ്തു. ഡിസിപി നവ്‌നാഥ് ധവാലെയുടെ നേതൃത്വത്തിലുള്ള സംഘം ഒടുവിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 2 നും 2.30 നും ഇടയിലാണ് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ പ്രതി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്.
ബാന്ദ്ര വെസ്റ്റിലെ വസതിയിൽ കടന്നുകയറിയ നുഴഞ്ഞുകയറ്റക്കാരൻ്റെ ആക്രമണത്തിൽ പരിക്കേറ്റ നടൻ കഴിഞ്ഞ അഞ്ചു ദിവസമായി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സംഭവത്തിന്റെ വിശദാംശങ്ങൾ
ജനുവരി 16-ന് പുലർച്ചെ 2 മണിയോടെ നടന്റെ വീട്ടിൽ കടന്നുകയറിയ പ്രതി, വീട്ടിലെ ഒരു വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം കൂടുതൽ വഷളായത് . ശബ്ദം കേട്ട് ഇടപെട്ട സെയ്ഫ്, പ്രതിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ഇതോടെ പ്രതി നടനെ ആക്രമിക്കുകയും ചെയ്തു. ഇതോടെ സെയ്ഫിനും ഒപ്പമുള്ള ജീവനക്കാരിക്കും പരിക്കേൽക്കുകയായിരുന്നു.
സെയ്ഫിന് രണ്ട് കൈകളിലും കഴുത്തിനും അടക്കം മൂന്ന് ഗുരുതര മുറിവുകളാണ് ഉണ്ടായിരുന്നത് . നട്ടെല്ലിന് സമീപമുള്ള മുറിവ് വളരെ സങ്കീർണ്ണമായതായിരുന്നു, ഡോക്ടർമാർ അദ്ദേഹത്തിന്റെ ശരീരത്തിൽ ആക്രമണത്തിനിടെ പൊട്ടി ഇരുന്ന മൂർച്ചയുള്ള വസ്തു നീക്കം ചെയ്ത് പരിക്ക് പൂർണ്ണമായും പരിഹരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനുവരി 17-ന് ഐസിയുവിൽ നിന്ന് താരത്തെ പ്രത്യേക മുറിയിലേക്ക് മാറ്റി, തുടർന്ന് താരത്തിന്റെ നില മെച്ചപ്പെട്ടതോടെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് ഇറങ്ങിയ അദ്ദേഹം തിങ്ങിക്കൂടി നിന്ന ആരാധക വൃന്ദത്തെ അഭിസംബോധന ചെയ്തു. ഐസ്-ബ്ലൂ ഡെനിമും വെള്ള ഷർട്ടും ധരിച്ച താരം, വളരെ ഊർജ്വസലനായിട്ടായിരുന്നു ആരാധകരെ അഭിസംബോധന ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.