കുട്ടമ്പുഴ: ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുന്നത്. ജോലിക്ക് പോയ എൽദോസ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. കാട്ടാനയെ പല തവണ കണ്ടതിനാൽ നേരം ഇരുട്ടിയതോടെ ആളുകൾ ഈ ഭാഗത്ത് കൂടുതലായി പുറത്തിറങ്ങിയിരുന്നില്ല. മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ റോഡിലൂടെ നടന്ന് നീങ്ങിയ എൽദോസ് റോഡരികിൽ ഇരുട്ടിൽ നിൽക്കുകയായിരുന്ന ആനയെ കണ്ടിരുന്നില്ല.
ക്രിസ്‌മസ് ആഘോഷത്തിനായി എത്തുമെന്നായിരുന്നു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ നേരത്തെയെത്തിയത് മരണത്തിലേക്കുള്ള യാത്രയായി. സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന എൽദോസ് ഒന്നോ രണ്ടോ ആഴ്‌ച കൂടുമ്പോഴായിരുന്നു വീട്ടിലെത്തിയിരുന്നത്. തൃശൂരിൽ നിന്നും തിങ്കളാഴ്‌ച ജോലി കഴിഞ്ഞെത്തി ബസിറങ്ങി കാട്ടാനയിറങ്ങിയത് അറിയാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു.
വഴിവിളക്കുകളില്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ നാട്ടിൽ ബസിറങ്ങിയ ശേഷം നടന്നുപോവുകയായിരുന്നു. എൽദോസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇതിന് ശേഷം ഇതുവഴി വന്നവരാണ് റോഡരികിൽ കാട്ടാനയുടെ ആക്രമണത്തിൽ ചിതറിപ്പോയ മൃതദേഹം കണ്ടെത്തിയത്. കുട്ടമ്പുഴ ക്‌ണാച്ചേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വഎത്തിയിരുന്നു. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരു വർഷം മുൻപ് ഇവിടെ സമാനമായി ഒരു മരണം നടന്നിരുന്നു. അന്നും കാട്ടാനയുടെ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വാഗ്ദാനങ്ങൾ നൽകിയ ശേഷം അന്ന് മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. എന്നാൽ ഇതിന് ശേഷവും സ്ഥലത്ത് ഒരു മാറ്റവും ഉണ്ടാകാത്തതാണ് വീണ്ടുമൊരു മരണം കൂടി ഉണ്ടാകാൻ കാരണമെന്ന് പ്രതിഷേധിക്കുന്ന നാട്ടുകാർ ആരോപിച്ചു.
കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയാണ് കുട്ടമ്പുഴ ഉരുളൻ തണ്ണിയിലെ വീട്ടിൽ എൽദോസിൻ്റെ മൃതദേഹമെത്തിച്ചത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരം 4 മണിയോടെ ഉരുളൻതണ്ണിയിലെ മാർത്തോമപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്‌തു.
കാട്ടാന ആക്രമണത്തിൽ എൽദോസ് കൊല്ലപ്പെട്ടത് മുതൽ തുടങ്ങിയ പ്രതിഷേധം സംസ്‌കാരത്തിന് ശേഷവും നാട്ടുകാർ തുടർന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ സമിതി ഹർത്താല്‍ ആചരിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലം ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം തിങ്കളാഴ്‌ച രാത്രി മൃതദേഹം തടഞ്ഞുവച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത് ജില്ലാ കലക്‌ടർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു.
എല്‍ദോസിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് കലക്‌ടര്‍ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവസ്ഥലത്ത് വച്ചു തന്നെ കുടുംബത്തിന് കൈമാറിയതോടെ പ്രതിഷേധം താത്‌കാലികമായി നാട്ടുകാര്‍ അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ മറ്റ് ആവശ്യങ്ങളും നിറവേറ്റുമെന്ന് കലക്‌ടര്‍ ഉറപ്പു നല്‍കി. കലക്‌ടറുടെ ഉറപ്പുകള്‍ക്ക് പിന്നാലെയായിരുന്നു മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാര്‍ സമ്മതിച്ചത്.
നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിര്‍മാണവും പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ തന്നെ ആരംഭിച്ചു. സോളാര്‍ ഫെൻസിങ്ങിന്‍റെ ജോലികൾ 21ന് ആരംഭിക്കുമെന്നും കലക്‌ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.