കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിൽ യുവജന കമ്മീഷൻ കേസെടുത്തു.
യുവജന കമ്മീഷൻ കോളേജിലെത്തി മൊഴിയെടുത്തു. വിദ്യാർത്ഥിനികൾ യുവജന കമ്മീഷണന് നേരിട്ട് പരാതി നൽകുകയായിരുന്നു. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ശ്രമം നടത്തിയെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിൻ്റെ നേതൃത്വത്തിലുള്ള യുവജന കമ്മീഷൻ സംഘം നഴ്സിംഗ് കോളേജിലെത്തിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും കമ്മീഷൻ പരാതി കേട്ടു. കോളേജിലും ഹോസ്റ്റലിൽ വിദ്യാർത്ഥികൾ നേരിട്ടിരുന്ന പീഡനങ്ങൾ കമ്മീഷന് മുന്നിൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കോളേജിൽ വിദ്യാർഥികൾ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുണ്ടെന്ന് ചെയർമാൻ എം ഷാജർ പറഞ്ഞു. നഴ്‌സിങ് കോളേജിൻ്റെ പ്രവർത്തനം തൃപ്‌തികരമല്ലെന്നും ഇക്കാര്യം ആരോഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം ഷാജർ വ്യക്തമാക്കി.
അതേസമയം, കോളേജ് പ്രിൻസിപ്പൽ മറിയക്കുട്ടിയിൽ നിന്നും യുവജന കമ്മീഷൻ മൊഴിയെടുത്തു. കമ്മീഷൻ അംഗങ്ങളായ ബിപിൻരാജ് പായം, പിപി രൺവീർ എന്നിവരും യുവജന കമ്മീഷൻ സംഘത്തിലുണ്ടായിരുന്നു. അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ആശുപത്രി മാനേജ്‌മെന്റ്, കോളേജ് പ്രിൻസിപ്പൽ, വാർഡൻ, മാനേജർ എന്നിവർക്ക് നോട്ടീസ് അയച്ച് തുടർ നടപടികൾ സ്വീകരിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.