കൊടകര: നാലുവര്ഷംമുന്പ് ക്രിസ്മസ്ദിനത്തിലുണ്ടായ സംഘട്ടനത്തിന്റെ പ്രതികാരമായി ഈ ക്രിസ്മസ്ദിനത്തില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. ഇരു സംഘങ്ങളിലുമായി ഒരു സി.പി.എം. അനുഭാവിയും ഒരു ബി.ജെ.പി. അനുഭാവിയുമാണ് മരിച്ചത്.
പക്ഷേ, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായി അറിയുന്നു. കുത്തേറ്റ ഒരാള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വീണ് മരിച്ചത്.കൊടകര വട്ടേക്കാട് സ്വദേശികളായ മഠത്തിക്കാടന്‍ സജീവന്റെയും ഷാജിയുടെയും മകന് അഭിഷേക് (26), കല്ലിങ്ങപ്പുറം സുബ്രന്റെയും ഉഷയുടെയും മകന് സുജിത്ത് (33) എന്നിവരാണ് കൊല്ലപ്പെട്ടത്.അഭിഷേക് ബി.ജെ.പി. അനുഭാവിയാണ്. സുജിത്ത് സി.പി.എം. അനുഭാവിയും. കുത്തുകൊണ്ട അഭിഷേകാണ് ബൈക്കോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏകദേശം 250 മീറ്റര്‍ ഓടിച്ചപ്പോഴേക്കും അഭിഷേകും കൂടെയുണ്ടായിരുന്ന രണ്ടുപേരും വീഴുകയായിരുന്നു.
സുജിത്തിന്റെ സഹോദരന് സുധീഷ് (28), പനങ്ങാടന്‍ വിവേക് (26), ഹരീഷ് (25) എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. വിവേകിന് പുറത്താണ് കുത്തേറ്റിട്ടുള്ളത്. കൊല്ലപ്പെട്ട സുജിത്തും പരിക്കേറ്റ വിവേകും തമ്മിലാണ് 2020-ല്‍ സംഘട്ടനമുണ്ടായത്. അന്ന് വിവേകിന് കുത്തേല്‍ക്കുകയും സുജിത്തും കൂട്ടാളിയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.
ഇത് വൈരമായി വളര്‍ന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രി 11- ഓടെ അഭിഷേക്, വിവേക്, ഹരീഷ് എന്നിവര്‍ സുജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുജിത്തും സഹോദരന് സുധീഷും ഈ സംഘവുമായി ഏറ്റുമുട്ടി. ഇരു സംഘങ്ങളും ആയുധങ്ങള്‍ വീശുകയായിരുന്നു.കുത്തുകൊണ്ടശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ബോധരഹിതനായി വീണ അഭിഷേകിനെ അയല്‍ക്കാര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുജിത്തിനെയും സുധീഷിനെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചു.
പെയിന്റിങ് തൊഴിലാളിയാണ് സുജിത്ത്. മുന്‍പ് വിദേശത്തായിരുന്ന അഭിഷേക് കുറച്ചുകാലമായി കൊടകരയില്‍ ബന്ധുവിന്റെ മത്സ്യവില്‍പ്പനക്കടയിലാണ് ജോലിചെയ്യുന്നത്. അഭിഷേകിന്റെ സഹോദരി: മീനാക്ഷി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.