ഡബ്ലിൻ; അയർലൻഡിൽ നവംബർ 29 ന് നടന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അവസാനത്തെ 12 സീറ്റുകളിലെയും ഫലങ്ങൾ പ്രഖ്യാപിച്ചതോടെ ഫിനാഫാൾ 48 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകൾ നേടിയ സിൻഫെയ്ൻ രണ്ടാമതും 38 സീറ്റുകൾ ഫിനഗേൽ മൂന്നാമതും എത്തി.
ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണൽ ഇന്നലെ രാത്രിയോടെ അവസാനിച്ചപ്പോൾ രാജ്യത്തെ 43 മണ്ഡലങ്ങളിൽ നിന്ന് 174 പാർലമെന്‍റ് അംഗങ്ങൾ (ടിഡി) തിരഞ്ഞെടുക്കപ്പെട്ടു. ഫിനാഫാൾ, സിൻഫെയ്ൻ, ഫിനഗേൽ തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികളെ കൂടാതെ സോഷ്യൽ ഡെമോക്രാറ്റ്സ് (11), ലേബർ (11), ഇൻഡിപെൻഡന്‍റ് അയർലൻഡ് (4), പീപ്പിൾ ബി ഫോർ പ്രോഫിറ്റ് -സോളിഡാരിറ്റി (3), അന്റു പാർട്ടി (2), ഗ്രീൻ പാർട്ടി (1), സ്വതന്ത്രർ (16), മറ്റുള്ളവർ (1) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.ഇതിൽ 88 സീറ്റുകൾ വേണം ഭരണത്തിൽ എത്തുവാൻ. നിലവിലെ സാഹചര്യത്തിൽ ഫിനാഫാൾ, ഫിനഗേൽ പാർട്ടികൾ വീണ്ടും സഖ്യത്തിൽ ഏർപ്പെട്ട് ഭരണം പിടിക്കുവാനുള്ള സാധ്യത മുന്നിൽ കാണുന്നുണ്ട്. എന്നാൽ ഇരു പാർട്ടികൾക്കും കൂടി 86 സീറ്റുകൾ ആണ് ഉള്ളത്. ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവ്. ഇവർക്കൊപ്പം സഖ്യത്തിൽ ഏർപ്പെട്ട് രാജ്യഭരണത്തിൽ പങ്കാളി ആയിരുന്ന ഗ്രീൻ പാർട്ടി കൂടി ചേർന്നാലും ഒരു സീറ്റിന്റെ കുറവാണ് ഉള്ളത്.
ഇതിനായി ചെറു പാർട്ടികളെയോ സ്വതന്ത്രരെയോ ഫിനാഫാൾ, ഫിനഗേൽ നേതാക്കൾ സമീപിച്ചേക്കും. തിരഞ്ഞെടുപ്പിൽ സഖ്യം ചേരാതെ മത്സരിച്ച ഇവരുടെ ഭരണത്തിന് വേണ്ടിയുള്ള സഖ്യനീക്കം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ മുഖ്യ പ്രതിപക്ഷം ആയിരുന്ന സിൻഫെയ്ൻ സഖ്യ ചർച്ചകളിൽ ഇനിയും പങ്കാളി ആകുമെന്ന് പറയുന്നുണ്ട്. എന്നാൽ അതിനുള്ള സാധ്യത തീരെ ഇല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഫിനഗേൽ നേതാവും പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് (വിക്ലോ), ഫിനാഫാൾ നേതാവും ഉപപ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ (കോർക്ക് സൗത്ത് സെൻട്രൽ), സിൻഫെയ്ൻ നേതാവ് മേരി ലു മക്ഡോണാൾഡ് (ഡബ്ലിൻ സെൻട്രൽ) എന്നിവരാണ് അയർലൻഡിൽ വിജയിച്ച പ്രമുഖ നേതാക്കളിൽ പ്രധാനികൾ. ഇവരിൽ ഒരാൾ പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്.ഫിനാഫാളും ഫിനഗേലും തമ്മിൽ സഖ്യത്തിലേർപ്പെട്ട് മതിയായ ഭൂരിപക്ഷം നേടിയാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി നേതാവ് എന്ന നിലയിൽ മീഹോൾ മാർട്ടിൻ പ്രധാനമന്ത്രിയായേക്കും. മറിച്ചൊരു സഖ്യം രൂപപ്പെട്ടാൽ സിൻഫെയ്ൻ നേതാവ് മേരി ലു മക്ഡോണാൾഡ് പ്രധാനമന്ത്രി പദത്തിൽ എത്തിയേക്കാം. മൂന്ന് ദിവസം നീണ്ടു നിന്ന വോട്ടെണ്ണല്ലിന് ഒടുവിൽ ഇന്നത്തെ ദിവസം അയർലൻഡിലെ പ്രധാന ചർച്ച ഇനി ആര് പ്രധാനമന്ത്രി ആകും എന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.