വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയിലെ കർദിനാൾ പദവിയിലേക്ക് മലയാളിയായ ഡോ. മാർ ജോർജ് ജേക്കബ് കൂവക്കാട്. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ത്യൻ സമയം രാത്രി 8:30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാലു മണി) ആരംഭിച്ചു.
ഫ്രാൻസിസ് മാർപാപ്പ ആണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുതിയ കർദിനാൾമാരെ മാർപാപ്പ സ്ഥാനചിഹനങ്ങളായ മോതിരവും ചുവന്ന തലപ്പാവും അണിയിക്കുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്യും. പിന്നീട് നവ കർദിനാൾമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ മാർ ജോർജ് കൂവക്കാട് വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും ഉൾപ്പെടെ നിരവധിപ്പേർ ചരിത്ര മുഹൂർത്തതിന് വത്തിക്കാനിൽ സാക്ഷിയാകുന്നുണ്ട്. മാർ കൂവക്കാട്ടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശരി അതിരൂപതയിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധി സംഘവും ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകുന്നുണ്ട്.
കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി ജോർജ് കുര്യൻ്റെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനിൽ ചടങ്ങ് വീക്ഷിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ, അനൂപ് ആൻ്റണി, അനിൽ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ് എംപി, ടോം വടക്കൻ, സത്നാം സിങ് സന്ധു എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.കേരളത്തിൽനിന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ 9:30ന് മാതാവിൻ്റെ അമലോത്ഭവ തിരുനാളിൻ്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം പുതിയ കർദിനാൾമാരും കാർമികത്വം വഹിക്കും. സീറോ മലബാർ സഭയിൽനിന്ന് പ്രത്യേക ക്ഷണം ലഭിച്ച വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരാകും. വൈകുന്നേരം സാന്ത അനസ് താസിയ സീറോ മലബാർ ബസിലിക്കയിൽ കർദിനാൾ ജോർജ് കൂവക്കാട്ടിൻ്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടത്തും. തുടർന്ന് സ്വീകരണ സമ്മേളനങ്ങളിലും പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.