കോട്ടയം ; ദേശീയ തലത്തിൽ പാർട്ടി പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നടത്തിയ പ്രസ്താവനയെ തുടർന്ന് കെപിസിസി നേതൃത്വത്തിലെ അഴിച്ചുപണിയെപ്പറ്റിയുള്ള ചർച്ച സജീവമായി. അടുത്ത വർഷം അവസാനം വരുന്ന തദ്ദേശതിരഞ്ഞെടുപ്പിനും 2026 ആദ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും പാർട്ടിയെ ഒരുക്കേണ്ടതുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു തോൽവി കൂടി താങ്ങാനുള്ള കരുത്ത് പാർട്ടിക്കില്ലെന്ന വീണ്ടുവിചാരത്താൽ രാഷ്ട്രീയ, സാമുദായിക ഘടകങ്ങൾ പരിശോധിച്ച് പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതിനു കോൺഗ്രസ് ഗൗരവമായി ചിന്തിക്കുന്നു.കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളുടെ നീണ്ടനിരയെ ഏകോപിപ്പിക്കേണ്ട വലിയ ഉത്തരവാദിത്തം പുതിയ കെപിസിസി അധ്യക്ഷനാണ്. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്കു മുൻപായി പാർട്ടി മെഷിനറി പൂർണ സജ്ജമാക്കാൻ കെൽപുള്ള നേതൃത്വമാണ് ഹൈക്കമാൻഡിന്റെ മുന്നിലെ ഏക പോംവഴി.
പ്രവർത്തന മികവ് പ്രകടമാക്കാൻ കെ.സുധാകരനു കഴിഞ്ഞെങ്കിലും ഓടിനടന്നു പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ ആരോഗ്യനില അനുവദിക്കുമോ എന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പാർട്ടിയിൽ ആരംഭിച്ചിട്ടുണ്ട്. നാലു തവണ പത്തനംതിട്ടയിൽനിന്നു ലോക്സഭയിലെത്തിയ ആന്റോ ആന്റണിയാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഒരാൾ. ക്രൈസ്തവ സഭകളെയും മറ്റു സാമുദായിക സംഘടനകളെയും പാർട്ടിയുമായി അടുപ്പിക്കാൻ ആന്റോയ്ക്കു കഴിയുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. ബെന്നി ബഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ് എന്നീ പേരുകളും ചർച്ചകളിലുണ്ട്.കേന്ദ്ര നേതൃത്വവുമായി ഇതു സംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല.
കെപിസിസി നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി മുതിർന്ന നേതാക്കളുണ്ട്. കെ.സുധാകരനുമായി അടുപ്പമുള്ളവർ അദ്ദേഹം തുടരട്ടെയെന്ന നിലപാടിലാണ്. അധ്യക്ഷപദവിയിലെ മാറ്റത്തിനൊപ്പം പാർട്ടി പുനഃസംഘടനയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് മാറ്റം നടപ്പിലാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്.
പുനഃസംഘടന പൂർണമായും നടന്നില്ലെങ്കിലും ഡിസിസി തലത്തിലെങ്കിലും തർക്കങ്ങളില്ലാത്ത മാറ്റത്തിനാണ് ആലോചന. പുനഃസംഘടന എങ്ങനെയെന്നതിന്റെ ചിത്രം തെളിയാൻ മാസങ്ങളെടുക്കും. മധ്യതിരുവിതാംകൂർ അടക്കമുള്ള ക്രിസ്ത്യൻ മേഖലയിൽ ബിജെപി നടത്തുന്ന തന്ത്രപരമായ കടന്നുകയറ്റം കോൺഗ്രസിനു ഭീഷണിയായേക്കാം.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഗോവ ഗവർണർ വി.എസ്.ശ്രീധരൻപിള്ള എന്നിവര്‍ക്കുള്ള സ്വാധീനം കോൺഗ്രസ് തിരിച്ചറിയുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ കൂടുതൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് പാർട്ടിയുടെ നിലനിൽപിന് അത്യാവശ്യമാണെന്ന ബോധ്യം പാർട്ടിക്കുണ്ട്. ഈഴവ, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ട്.
നേതൃമാറ്റം പരിഗണിക്കുമ്പോൾ ഈ വിഷയങ്ങളെല്ലാം ചർച്ചയാകും. ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള സമീപകാല രാഷ്ട്രീയ സംഭവങ്ങൾ പാർട്ടി കൂടുതൽ ‘ചെറുപ്പമാകേണ്ടതുണ്ടെന്ന’ വികാരത്തിനു മുൻതൂക്കം ലഭിക്കാനിടയാക്കിയിട്ടുണ്ട്. പരിചയസമ്പത്തിനൊപ്പം, താഴെത്തട്ടു മുതൽ സംഘടനയെ ചലിപ്പിക്കാൻ ശേഷിയുമുള്ള നേതൃത്വം വേണമെന്ന ആവശ്യം അണികൾക്കിടയിൽ സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.