കാസർകോട്; പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയത്, ദുർമന്ത്രവാദത്തിനെന്നുപറഞ്ഞ് മുഖം തുണികൊണ്ടുമറച്ചശേഷം തല ഭിത്തിയിൽ ഇടിപ്പിച്ചെന്ന് അന്വേണ സംഘത്തിന്റെ കണ്ടെത്തൽ. 2023 ഏപ്രിൽ 13നു രാത്രിയാണ് അബ്ദുൽഗഫൂർ ഹാജി കൊല്ലപ്പെട്ടത്.
ആയിഷ ഒഴികെയുള്ള 3 പ്രതികൾ ചേർന്നാണ് കൊല നടത്തിയത്. കേസിൽ അറസ്റ്റിലായ ദുർമന്ത്രവാദ സംഘത്തെ സഹായിച്ചവരെയും പ്രതികളാക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ ഉളിയത്തടുക്ക നാഷനൽ നഗർ തുരുത്തി സ്വദേശി ബാര മീത്തൽ മാങ്ങാട് ബൈത്തുൽഫാതീമിലെ ടി.എം.ഉബൈസ് ( ഉവൈസ്– 32), ഭാര്യ കെ.എച്ച്.ഷമീന (ജിന്നുമ്മ– 34), മുക്കൂട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയപള്ളിക്കടുത്തെ പി.എം.അസ്‌നിഫ (36), മധൂർ കൊല്യയിലെ ആയിഷ (43) എന്നിവരെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയതോടെയാണ് അന്വേഷണത്തിനു വേഗം കൂടിയത്. ഡിസിആർബി ഡിവൈഎസ്പി കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കുടുക്കിയത്. ഗഫൂറിന്റെ മരണത്തിലും ആഭരണങ്ങൾ കാണാതായതിനു പിന്നിലും ദുർമന്ത്രവാദം നടത്തുന്ന മാങ്ങാട് കുളിക്കുന്നിലെ ഒരു യുവതിയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂർ ഹാജിയുടെ മകൻ പൊലീസിൽ നൽകിയ പരാതിയിലുണ്ടായിരുന്നു.
കണ്ടെടുത്തത് 29 പവൻ മാത്രം ∙ തട്ടിയെടുത്ത സ്വർണാഭരണങ്ങൾ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ജ്വല്ലറികളിലാണ് വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 29 പവൻ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഇതിനിടെ 3 മാസം മുൻപ് കേസ് ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഗഫൂർ ഹാജി കൊല്ലപ്പെട്ട മുറിയിൽ ഫോറൻസിക് പരിശോധന നടത്തിയിരുന്നു.ഈ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയതിലെ ആഹ്ലാദം പ്രകടിപ്പിച്ച് കർമസമിതിയുടെ നേതൃത്വത്തിൽ പൂച്ചക്കാട്ട് പായസവിതരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.