ന്യൂഡൽഹി: വ്യാജ ഗാർഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു.
തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ് (Dara Lakshmi Narayana and Others vs State of Telangana and Another)പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഭാര്യയിൽ നിന്ന് വ്യാജ സ്ത്രീധനപീഡന ആരോപണം നേരിട്ട ഐ ടി ജീവനക്കാരനായ അതുൽ സുഭാഷ് എന്ന 34 കാരൻ ബെംഗളൂരുവിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സംഭത്തിൽ രാജ്യമൊട്ടാകെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.’ഗാർഹിക പീഡന, സ്ത്രീധന പീഡന കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേയുള്ള വ്യക്തിപരമായ പക തീർക്കാൻ നിയമം ഉപയോഗിക്കരുത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ പലപ്പോഴും കേസ് എടുക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്ക് അനീതിയായി മാറാൻ പാടില്ല. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരേ ജാഗ്രത വേണം’, കോടതി വ്യക്തമാക്കി.
ഇത്തരം കേസുകൾ മുന്നിൽവന്നാൽ ജുഡീഷ്യൽ റിവ്യൂ വേണമെന്നും മതിയായ തെളിവുകൾ ഇല്ലെങ്കിൽ കേസ് തള്ളിക്കളയണമെന്നും കീഴ് കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി.2022ൽ യുവതി നൽകിയ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ബേംബെ ഹൈക്കോടതി കേസ് തള്ളി. ഇതിനെതിരെയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.
ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഭാര്യ നൽകിയ ക്രൂരത, സ്ത്രീധന കേസുകൾ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. കേസ് തള്ളാൻ തെലങ്കാന ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഭർത്താവും കുടുംബാംഗങ്ങളും അപ്പീൽ നൽകിയത്. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭാര്യ കേസ് ഫയൽ ചെയ്തത്. വാദങ്ങൾ പരിശോധിച്ച കോടതി, വ്യക്തിപരമായ പരാതികൾ തീർപ്പാക്കാനാണ് ഭാര്യ കേസുകൾ ഫയൽ ചെയ്തതെന്നും സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം,
വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ ടെക്കിയായ അതുൽ സുഭാഷ് (34) കാരനാണ് ബെംഗളൂരുവിൽ കഴിഞ്ഞദിവസം ജീവനൊടുക്കിയത്. താൻ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അതുൽ പറഞ്ഞു.
വ്യാജ പരാതി കെട്ടിച്ചമച്ചതുൾപ്പടെ നിരവധി ഗുരുതര ആരോപണങ്ങൾ ഭാര്യക്കെതിരെ അതുൽ ഉന്നയിച്ചു. സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ‘നീതി ലഭ്യമാകണം’ എന്നെഴുതിയ പ്ലക്കാർഡ് അതുലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.