കൊല്ലം; ഒരാൾ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ 2025 നവംബർ ഒന്നിനു പ്രഖ്യാപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 20 വർഷത്തിനകം നവകേരളം സൃഷ്ടിച്ചു വികസിത രാജ്യങ്ങളെക്കാൾ മുന്നിലെത്തും. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന കേരളത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
വിജ്ഞാന സമൂഹവും വിജ്ഞാന സമ്പത്തും സർക്കാരിന്റെ പരിപാടികളും ചേർന്നു പുതിയ കേരളം സൃഷ്ടിക്കും. എല്ലാവർക്കും വീടു നൽകും. ലോകത്ത് പാവപ്പെട്ട മനുഷ്യർക്കു മുഴുവൻ കയറിക്കിടക്കാൻ ഇടമുണ്ട് എന്ന പറയുന്ന ഒരേയൊരു നാട് കേരളമായിരിക്കും എന്നതാകും ലോകത്തിനു മുന്നിലെ ചിത്രം.ആരോഗ്യ പരിപാലന രംഗത്ത് ലോകോത്തരമാണ് കേരളത്തിന്റെ സ്ഥാനം. ഇതുപോലെ ഒരു നാട് വേറെയില്ല. അമേരിക്ക പോലുമില്ല. വിദ്യാഭ്യാസ മേഖല പുതിയ സംഭവമായി മാറുന്നു.തൊഴിലില്ലാത്ത യുവാക്കളെ കണ്ട് ശിരസ്സ് താഴുന്നു എന്നു ചിലർ പറയുന്നുണ്ട്. ശിരസ്സ് താഴ്ത്തേണ്ട. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് രണ്ടാം പിണറായി സർക്കാർ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നു പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി 2.4 ലക്ഷം പുതിയ സംരംഭകർ റജിസ്റ്റർ ചെയ്തു. ഇതിനിടെ 6–7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. 15,000 സ്റ്റാർട്ടപ്പുകൾ തുടങ്ങി. അടുത്ത രണ്ടു വർഷത്തിനിടെ 10 ലക്ഷം പേർക്കു കൂടി തൊഴിൽ നൽകും. ഇങ്ങനെയെല്ലാം ചേർന്നു പുതിയ നാടായി കേരളത്തെ മാറ്റാനാകും.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ട്രഷറി പൂട്ടിയിട്ടില്ല. 60–65% പുതിയ വരുമാനം കണ്ടെത്തിയാണ് ട്രഷറി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സുദേവൻ. പി.കെ.ഗുരുദാസൻ, മേയർ പ്രസന്ന ഏണസ്റ്റ്, പുത്തലത്ത് ദിനേശൻ, കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, ചിന്ത ജെറോം, എം.എച്ച്.ഷാരിയർ, സൂസൻകോടി, ബി.തുളസീധരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
മഴവിൽ സഖ്യം രൂപപ്പെട്ടു വരുന്നു: ഗോവിന്ദൻ കൊല്ലം∙ കേരളത്തിൽ മഴവിൽ സഖ്യം രൂപപ്പെട്ടു വരുന്നതായി എം.വി.ഗോവിന്ദൻ. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കൈകോർത്ത് എൽഡിഎഫിനും സർക്കാരിനും മുഖ്യമന്ത്രിക്കും ഇടതു പാർട്ടികൾക്കും എതിരായി ആശയ വ്യവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് 86,000 വോട്ട് നൽകിയതിനാലാണ്.
അവിടെ നമ്മുടെ കുറെ വോട്ടും കുറഞ്ഞു. നേമത്ത് ഒ.രാജഗോപാൽ ജയിച്ചതും കോൺഗ്രസിന്റെ ചെലവിലാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് 4,500 വോട്ട് കോൺഗ്രസ് വാങ്ങി. വോട്ട്പിടിച്ചതല്ല; വാങ്ങിയതാണ്. വാങ്ങുക എന്നതിന്റെ അർഥം മനസ്സിലായല്ലോ?. എസ്ഡിപിഐയുടെ 10,000 വോട്ട് ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ 3000–4,000 വോട്ടും യുഡിഎഫിന് പാലക്കാട്ട് ലഭിച്ചു.
ന്യൂനപക്ഷ വർഗീയതയുടെ അങ്ങേത്തലയ്ക്കൽ നിൽക്കുന്നവരാണ് ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും. കോൺഗ്രസും ലീഗും ഇവർക്കെതിരെ ശക്തമായി പറഞ്ഞിരുന്നതൊക്കെ ഇപ്പോൾ മാറ്റി. ഇവരെല്ലാം ഒരു മുന്നണിയായി പ്രവർത്തിക്കുകയാണ്. ഇത് കോൺഗ്രസിന് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സമ്മേളനം: സ്വാഗത സംഘമായി കൊല്ലം.
സിപിഎം സംസ്ഥാന സമ്മേളനത്തിന് മന്ത്രി കെ.എൻ.ബാലഗോപാൽ ചെയർമാനും ജില്ലാ സെക്രട്ടറി എസ്.സുദേവൻ കൺവീനറുമായി 1001 സ്വാഗത സംഘം രൂപീകരിച്ചു. 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, 15 ഉപസമിതികൾ എന്നിവയും രൂപീകരിച്ചു. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. 30 വർഷത്തിന് ശേഷമാണ് സംസ്ഥാന സമ്മേളനത്തിനു കൊല്ലം വീണ്ടും വേദിയാകുന്നത്.
സമ്മേളനത്തിൽ 25,000 റെഡ് വൊളന്റിയർമാരുടെ പരേഡ്, പ്രകടനം എന്നിവ ഉണ്ടാകും. 28,000 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 209 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനങ്ങളിലേക്കു കടന്നത്. കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. ഇന്ന് പത്തനംതിട്ട ജില്ലാ സമ്മേളനം തുടങ്ങും. ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.