എടത്തനാട്ടുകര; കണ്ണീരിറ്റു വീഴുന്ന കണ്ണുകളുമായി ചളവ ഗവ.യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നടത്തിയ ആദ്യ ഗാർഡ് ഓഫ് ഓണർ അവരുടെ പ്രിയ അധ്യാപികയ്ക്കുള്ള അവസാന സല്യൂട്ടായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ചളവ ഗവ.യുപി സ്കൂളിലെ അധ്യാപിക ഇ.വി.സുനിതയുടെ ഭൗതിക ശരീരം ഐടിസി പടിയിലെ തറവാട്ടു വീട്ടുമുറ്റത്തു പൊതു ദർശനത്തിനു വച്ചപ്പോഴാണു വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയ അധ്യാപിക, സഹപ്രവർത്തകർക്കു കൂടപ്പിറപ്പിനെപ്പോലെ... അങ്ങനെയെല്ലാമായിരുന്നു വിദ്യാലയത്തിലെ ഈ താൽക്കാലിക അധ്യാപിക. കഴിഞ്ഞ 11 വർഷമായി സ്കൂളിൽ പിടിഎ കമ്മിറ്റി നിയമിച്ച താൽക്കാലിക അധ്യാപികയായി ജോലി ചെയ്യുകയാണെങ്കിലും സ്കൂളിലെ ഏതു കാര്യങ്ങൾക്കും മുന്നിട്ടിറങ്ങാൻ ഇവരുണ്ടായിരുന്നു. വിവിധ മത്സര പരിപാടികൾക്കു വിദ്യാർഥികളുടെ രക്ഷിതാവിനെപ്പോലെ കൂടെപ്പോകാൻ സ്ഥിരമായി സുനിത ടീച്ചറുണ്ടാകും. രക്ഷിതാക്കൾക്കും ടീച്ചറെക്കുറിച്ചു പറയാൻ ഏറെയുണ്ട്.വർഷങ്ങളായി സ്കൂൾ ഗൈഡ്സ് ടീം പരിശീലക, ഐടി അധ്യാപകർക്കു സഹായിയായും പ്രവർത്തിച്ചിരുന്ന ആളായതിനാൽ എല്ലാ വിദ്യാർഥികളോടും സ്നേഹം പുലർത്തിയിരുന്നു. രക്ഷിതാക്കളും പൂർവ വിദ്യാർഥികളും നാട്ടുകാരും അടങ്ങുന്ന വൻ ജനാവലി ഇവരെ അവസാനമായി ഒരുനോക്കു കാണാൻ വട്ടമണ്ണപ്പുറം ഐടിസി പടിയിലെ പുളിക്കൽ വീട്ടിലെത്തി.
ശനിയാഴ്ച രാവിലെ പിഎസ്‌സി പരീക്ഷയ്ക്കു പോകാനായി സ്കൂട്ടറിൽ വട്ടമണ്ണപ്പുറത്തേക്കു വരുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടറിനു കുറുകെ കുറുക്കൻ ചാടി. പെട്ടെന്നു ബ്രേക്കിട്ടപ്പോൾ പിൻസീറ്റിൽ നിന്ന് ഇവർ റോഡിലേക്കു വീണാണ് അപകടം സംഭവിച്ചത്.ഗുരുതര പരുക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി എട്ടരയോടെ മരിച്ചു. അപകടവിവരം അറിഞ്ഞ് ഭർത്താവ് ഷാജേന്ദ്രൻ വിദേശത്തു നിന്ന് എത്തിയിരുന്നു. മക്കൾ: രോഹിണി, അജന്യ. മരുമകൻ അഖിൽ. ഐവർമഠത്തിൽ സംസ്കാരം നടത്തി. വൈകിട്ട് സ്കൂളിൽ അനുശോചന യോഗം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.