കൊച്ചി; ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടി സുനിയെ പരോളിൽ വിടാൻ പൊലീസ് റിപ്പോർട്ട് ലംഘിച്ചാണു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അതിനു മനുഷ്യാവകാശ കമ്മിഷന്റെ പേര് ഉപയോഗിച്ചിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷൻ യഥാർഥത്തില്‍ ഇടപെട്ടിട്ടില്ല. കിട്ടിയ അപേക്ഷ സർക്കാരിലേക്ക് അയച്ചു കൊടുക്കുക മാത്രമാണു കമ്മിഷൻ ചെയ്തത്. തീരുമാനം സർക്കാരാണ് എടുത്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസിലെ ഉപജാപക സംഘവുമാണ് ഇതിനു പിന്നിൽ.2018ൽ പരോൾ കൊടുത്തപ്പോൾ തട്ടിക്കൊണ്ടു പോകൽ പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളാണ് കൊടി സുനി.ജയിലിലും പുറത്തും ഒരേ പോലെ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടിട്ടുള്ള ഒരാൾക്ക് ഒരു മാസം പരോൾ കൊടുക്കാനുള്ള തീരുമാനം യഥാർഥത്തിൽ ഈ പ്രതികളെ പേടിച്ചു ചെയ്യുന്നതാണ്. ജയിലിൽ കിടന്നുകൊണ്ട് എല്ലാവിധ ക്രിമിനൽ പ്രവർത്തനങ്ങളും ചെയ്യുന്ന സംഘമാണിത്. സ്വർണക്കടത്തും സ്വർണം പൊട്ടിക്കലും ലഹരിക്കടത്തും അടക്കമുള്ള എല്ലാ ക്രിമിനൽ പരിപാടികളിലും ഇവർക്കു പങ്കുണ്ട്. സിപിഎമ്മിന് ഇവരെ പേടിയാണ്.
ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഗൂഢാലോചന പുറത്തുവിടും എന്ന് ഈ പ്രതികൾ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. അതു പുറത്തുവിട്ടാൽ ഇപ്പോൾ പുറത്തു കറങ്ങിനടക്കുന്ന പല സിപിഎം നേതാക്കളും അകത്തുപോകും. ജയിലിൽ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്നു ജീവിക്കുന്ന സർക്കാരാണു കേരളത്തിലുള്ളത്. സർക്കാര്‍ ആരുടെ കൂടെയാണ്? കേരളത്തിന്റെ മനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച ക്രൂരമായ കൊലപാതകം ചെയ്ത ഈ ക്രിമിനലുകൾക്കൊപ്പമാണ് സിപിഎം.
പത്തനംതിട്ട ജില്ലയിലെ ക്രിമിനലുകൾ മുഴുവൻ സിപിഎമ്മില്‍ ചേരുന്നത് അതിന്റെ തെളിവാണ്. അവിടെ ചേർന്നാൽ സുരക്ഷിതമാണെന്ന് അവർക്കറിയാം. എസ്എഫ്ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ വരെ പാർട്ടിയിലേക്കു മാലയിട്ടു സ്വീകരിക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിലാണ്. കാപ്പാ കേസ് പ്രതികളെ ഉള്‍പ്പെടെയാണ് പാർട്ടിയിലേക്കു ക്ഷണിച്ചുകൊണ്ടുവന്നു പദവികൾ നൽകുന്നത്. ക്രിമിനലുകളുടെ താവളമായി സിപിഎം മാറി’’– സതീശൻ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.