ഡൽഹി;സിറിയയിൽ അധികാരം പിടിച്ചെടുത്ത വിമതസംഘമായ ഹയാത്ത് തഹ്‌രീർ അൽഷാം അഥവാ എച്ച്ടിഎസിനെ നയിക്കുന്നത് അബു മുഹമ്മദ് അൽ-ജുലാനി എന്ന 42കാരനാണ്. ആരാണ് ജുലാനി? എന്താണ് ജുലാനിയുടെ പശ്ചാത്തലം? സിറിയയിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബു മുഹമ്മദ് അൽ-ജുലാനി എന്ന നാൽപത്തിരണ്ടുകാരൻ ഹയാത്ത് തഹ്‌രീർ അൽഷാം അഥവാ എച്ച്ടിഎസ് സ്ഥാപിച്ചത്.
സിറിയയിൽ ബഷാർ അൽ അസദിന്റെ പിതാവായ ഹാഫിസ് അൽ അസദിന്റെ ഭരണകാലത്ത് ജയിൽ അടയ്ക്കപ്പെടുകയും പിന്നീട് സൗദിയിൽ അഭയം തേടുകയും ചെയ്ത അറബ് ദേശീയവാദിയായ ഹുസൈൻ അൽ ഷറായുടെ മകനാണ് അബു മുഹമ്മദ് അൽ ജുലാനി എന്നു വിളിപ്പേരുള്ള അഹമദ് ഹുസൈൻ അൽ ഷറാ. 1982-ൽ സൗദിയിലെ റിയാദിൽ ജനിച്ച ജുലാനി ഏഴാം വയസ്സിൽ കുടുംബത്തിനൊപ്പം സിറിയയിലെ ദമാസ്‌ക്കസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളിൽ ജുലാനി ആകൃഷ്ടനായത്. അമേരിക്ക ഇറാഖിനെ ആക്രമിച്ചതിനെ തുടർന്ന് 2003-ൽ ജുലാനി ഇറാഖിലെത്തി അൽ ഖ്വയ്ദയിൽ ചേർന്നു. 2006-ൽ അമേരിക്കയുടെ പിടിയിലായ ജുലാനി അഞ്ചു വർഷക്കാലം ജയിലായിരുന്നു. 2011 മാർച്ചിൽ സിറിയയിൽ ബഷാർ അൽ അസദിനെതിരെയുള്ള പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജുലാനി സിറിയയിലേക്ക് മടങ്ങി, ജബത്ത് അൽ നുഷ്‌റ എന്ന പേരിൽ അൽ ഖ്വയ്ദയുടെ ഘടകം സ്ഥാപിക്കുകയായിരുന്നു.
അബു ബകർ അൽ ബാഗ്ദാദിയുമായി യോജിച്ച് പ്രവർത്തിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തെ തുടർന്ന് 2013ൽ ബന്ധം ഉപേക്ഷിച്ച് അൽ ഖ്വയ്ദയുടെ അയ്മാൻ അൽ സവാഹിരിയോട് ഐക്യപ്പെട്ടു. 2016ൽ ഗ്രൂപ്പിനെ ജബത് ഫത്തേ അൽ ഷാം എന്ന് പുനർനാമകരണം ചെയ്യുകയും 2017-ൽ പല വിഭാഗങ്ങളുമായി ചേർന്ന് എച്ച് ടി എസ് രൂപീകരിക്കുകയും ചെയ്തു. തുടർന്ന് അൽ ഖ്വയ്ദയിൽ നിന്ന് അകന്ന് മിതവാദി പ്രതിച്ഛായയിലേക്ക് മാറിയ ജുലാനി ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായം അണിയുകയായിരുന്നു.
നീളൻ കുപ്പായവും താടിയും ഉപേക്ഷിച്ചു. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുന്നുണ്ടെങ്കിലും ആത്യന്തികമായി ജുലാനിയുടെ ലക്ഷ്യം അൽ ഖ്വയ്ദയുടേത് തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.