ന്യുഡെല്‍ഹി: ന്യൂസിലാന്‍ഡിലേക്ക് സന്ദര്‍ശക വിസയില്‍ എത്തിയാല്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കാമെന്ന തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നൂറുകണക്കിനു നഴ്സിംഗ് പ്രൊഫഷണുകളെയാണ് ഇത്തരമൊരു തട്ടിപ്പില്‍ കുരുക്കി ഏജന്റുമാര്‍ ന്യൂസിലാന്‍ഡില്‍ എത്തിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കോംപിറ്റെന്‍സി അസസ്മെന്റ് പ്രോഗ്രാമിനും, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് പ്രഫഷണലുകളായ നിരവധി പേരാണ് വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലന്‍ഡിലെത്തുന്നത്. ഇതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വലിയ തുകയാണ് ഇതിനായി ഏജന്‍ുമാര്‍ നഴ്സിംഗ് പ്രഫഷണലുകളില്‍ നിന്നും ഈടാക്കുന്നത്.
എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷവും അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്ന് ഒട്ടേറെപ്പേര്‍ വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണു വ്യാജ റിക്രൂട്മെന്റിനെതിരെ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മിഷണര്‍മാര്‍ക്കു കത്ത് നല്‍കിയത്.
കോവിഡിനെത്തുടര്‍ന്ന് ന്യൂസിലന്ഡിലുണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിച്ചു കഴിഞ്ഞെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും എംബസി ഓര്‍മിപ്പിച്ചു.
റിക്രൂട്ട്മെന്റ് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഇനി നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്. ന്യൂസിലന്‍ഡിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും അറിയാന്‍ pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെടാം.
റിക്രൂട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇമൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇമെയിലുകള്‍ വഴിയും 0471 2721547 എന്ന ഹെല്പ്ലൈന് നമ്പറിലും അറിയിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.