ഇൻസ്റ്റാഗ്രാം സുഹൃത്തും ബാങ്ക് മാനേജരും ചേർന്ന് തട്ടിയത് 12 കോടിയിൽ അധികം രൂപ,ഒടുവിൽ കൂട്ടാളികളടക്കം പിടിയിൽ

ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടുള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടക്കാറുള്ളത്.

തുടര്‍ന്ന് കമ്പനിയുടെ ഇവിടുത്തെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയായിരുന്നു. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. കമ്പനി അക്കൗണ്ടില്‍നിന്ന് 12.5 കോടി രൂപ ഗുജറാത്തിലേയും രാജസ്ഥാനിലേയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.

ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ 33-കാരനായ വൈഭവ് പിട്ടാഡിയയാണ്. ക്രെഡിന്റെ ആക്‌സിസ് ബാങ്കിലെ മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് ആക്‌സിസ് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ കൂടിയായ വൈഭവ് മനസിലാക്കി. തുടര്‍ന്ന് ഇതിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടാനായി ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ വൈഭവ് ഉപയോഗിച്ചു.

ക്രെഡിന്റെ എംഡിയാണെന്ന പേരില്‍ നേഹയെക്കൊണ്ട് അപേക്ഷ അയപ്പിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. ആക്‌സിസ് ബാങ്കിന്റെ ഗുജറാത്തിലെ അങ്കലേശ്വര്‍ ശാഖയില്‍ വ്യാജമായുണ്ടാക്കിയ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് രേഖയോടൊപ്പം നേഹ അപേക്ഷ നല്‍കി. യൂസര്‍ നെയിമും പാസ് വേഡും നഷ്ടപ്പെട്ടെന്നും പുതിയത് നല്‍കണമെന്നുമായിരുന്നു അപേക്ഷ.

ഇത് അംഗീകരിച്ചതോടെ വൈഭവിന് കോര്‍പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി സബ് അക്കൗണ്ടിലേക്ക് പണം മാറ്റി. ഇത്തരത്തില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായാണ് ഇവര്‍ ഇത്രയും തുക തട്ടിയെടുത്തത്. ശൈലേഷും ശുഭവുമാണ് വ്യാജ രേഖകളുണ്ടാക്കാന്‍ വൈഭവിനെ സഹായിച്ചത്. കൂടാതെ മോഷ്ടിച്ച പണം മാറ്റാനായി ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കി കൊടുത്തു.

ആക്‌സിസ് ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ബെംഗളൂരു പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് നേഹയെയാണ്. ആക്‌സിസ് ബാങ്കിന്റെ അങ്കലേശ്വര്‍ ശാഖയില്‍ ഡിസംബര്‍ 21-ന് വ്യാജ രേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന് പിന്നില്‍ നേഹയാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ വൈഭവ് പിട്ടാഡിയയാണ് ഇതിന്റെ സൂത്രധാരനെന്ന് നേഹ വെളിപ്പെടുത്തി. തുടര്‍ന്നാണ് വൈഭവും പിന്നാലെ ശൈലേഷും ശുഭവും അറസ്റ്റിലാകുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !