തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കാൻ തീരുമാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ മന്ത്രി നിർവഹിച്ചു.
ട്രെഡിഷണൽ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരളയ്ക്ക് 15 കോടി രൂപ ഭരണാനുമതിക്കായി കൊടുത്തിട്ടുണ്ട്. സ്ഥലം ലഭിക്കുന്നത് അനുസരിച്ചു ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം ആരംഭിക്കും. ട്രൈബൽ മെഡിക്കൽ മൊബൈൽ യൂണിറ്റും കോട്ടൂരിൽ സ്ഥാപിക്കുമെന്നു മന്ത്രി അറിയിച്ചു.2025ൽ വിതുര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കും. കുറ്റിച്ചലിലെ സെറ്റിൽമെന്റ് പ്രദേശങ്ങളിലെ ഗർഭിണികളായ സ്ത്രീകൾക്കായി അമ്മവീടുകൾ നിർമിക്കും. ആയുഷ് മേഖലയിൽ ആയുർവേദ രംഗത്ത് 150 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചു. ഹോമിയോ വകുപ്പിലും 40 ഡോക്ടർമാരുടെ തസ്തിക രൂപീകരിച്ചു.
കണ്ണൂരിലെ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.22 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ നിര്‍മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും 2 ഇടങ്ങളില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് നിര്‍വഹിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള 3 ആശുപത്രികള്‍, 9 ഡിസ്‌പെന്‍സറികള്‍, ഹോമിയോപ്പതി വകുപ്പിന്റെ ഒരു ആശുപത്രി, 8 ഡിസ്‌പെന്‍സറികള്‍, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്.
തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1.4 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മാണവും കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ 2.6 കോടി രൂപയുടെ പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ നിര്‍മാണവുമാണ് നടക്കുന്നത്.ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് ആയുര്‍വേദ ബ്ലോക്കും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പാങ്ങോട് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയിലെ പുതിയ കെട്ടിടവുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.പുതിയ ഒപി കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തിയ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.