ബെംഗളൂരു: നടുറോഡില്‍ ലോറി നിര്‍ത്തിയിട്ട് താക്കോലുമായി ഡ്രൈവര്‍ മുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ നൈസ്-ഹൊസൂര്‍ റോഡിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിര്‍ത്തിയശേഷമാണ് ഡ്രൈവര്‍ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.
നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത സടസമുണ്ടാക്കിയത്. ലോറി നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ഈ 'കടുംകൈ' ചെയ്തത്. വൈകീട്ട് നാലരമുതല്‍ രാത്രി എട്ടര വരെ വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്.
ലോറി സര്‍വ്വീസ് റോഡിലേക്ക് മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ പോലീസുമായി വാക്കുതര്‍ക്കം നടത്തിയെങ്കിലും ലോറി കടത്തിവിടാനാകില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി കടന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാന്‍ ട്രാഫിക് പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവില്‍ മറ്റൊരു ലോറിയുടെ താക്കോല്‍ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബൈക്കിന് പോലും കടന്നുപോകാന്‍ സാധിക്കാത്ത തരത്തിലാണ് ഇയാള്‍ റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ടത്.
രൂക്ഷമായ ഗതാഗതക്കുരുക്കിനെ നേരിടാനായി വാഹനങ്ങള്‍ സര്‍വ്വീസ് റോഡ് വഴി തിരിച്ചുവിടുകയാണ് പോലീസ് ചെയ്തത്. വിവരമറിഞ്ഞ് പോലീസിനെ സഹായിക്കാനായി നിരവധി ലോറി ഡ്രൈവര്‍മാര്‍ തങ്ങളുടെ ലോറികളുടെ താക്കോലുകളുമായി സംഭവസ്ഥലത്തേക്ക് എത്തി. ഇതില്‍ ഒരു താക്കോല്‍ ഉപയോഗിച്ചപ്പോള്‍ ലോറി സ്റ്റാര്ട്ടാകുകയായിരുന്നു. ലോറി ഇലക്ട്രോണിക്സ് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.