കവന്‍ട്രി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ റോഡില്‍ തെന്നി നിയന്ത്രണം നഷ്ടമായി ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം. അഞ്ചാംഗ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലെ മറ്റു നാലുപേര്‍ക്കും പരിക്കുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞപ്പോഴാണ് അപകടം.
ശൈത്യകാല രാത്രികളില്‍ റോഡില്‍ നിറയുന്ന ബ്ലാക് ഐസ് മൂലം സംഭവിച്ച അപകടം ആണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം റോഡുകളില്‍ ഡ്രൈവ് ചെയ്തു പരിചയം ഇല്ലാത്ത പുതുതലമുറക്കാരായവര് കൂടുതല്‍ ശ്രദ്ധിച്ചു ഡ്രൈവ് ചെയ്യണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് ലെസ്റ്ററിലെ കിബ്വര്‍ത്തില്‍ നടന്ന അപകടം.
അപകടത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് അഭ്യൂഹം പടര്ന്നിരുന്നെകിലും അധികം വൈകാതെ ആന്ധ്രാ സ്വദേശികളാണ് കാറിലെ മുഴുവന്‍ യാത്രക്കാരും എന്ന സ്ഥിരീകരണം എത്തുക ആയിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന യുവാവിനെ ലെസ്റ്റര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചല്ല അപകടം എന്നത് കാര്‍ ഓടിച്ചിരുന്നയാളുടെ പരിചയക്കുറവിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അപകടത്തില്‍ ഒരാള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ 27 കാരനായ ഈ വിദ്യാര്‍ത്ഥിക്ക് നീണ്ടകാലത്തെ ജയില്‍ വാസം ഉറപ്പെന്ന് തന്നെയാണ് പോലീസ് വൃത്തങ്ങള്‍ പങ്കുവയ്ക്കുന്ന സൂചനയും. സ്വാന്‍സി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ചിരഞ്ജിവി പങ്കുരുളി എന്ന 32 കാരനാണ് അപകടത്തില്‍ മരിച്ചത്. ഇയാള്‍ ലെസ്റ്ററില്‍ താമസിക്കുന്നതയാണ് ലഭ്യമാകുന്ന വിവരം. പോലീസും എമര്‍ജന്‍സി വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴേക്കും യുവാവ് മരണത്തിനു കീഴടങ്ങിയിരുന്നു.
അപകടത്തില്‍ നിസാര പരുക്കുകള്‍ പറ്റിയ പ്രണവി എന്ന 25 കാരിയെ മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു .അതേസമയം സായ് ബദരീനാഥ് എന്ന 23 കാരനായ വിദ്യാര്‍ത്ഥി ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ തന്നെയാണ്. ഇയാളും സ്വാന്‍സി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണെന്നു പരുക്കേറ്റവരുടെ സുഹൃത്തുക്കള്‍ പറയുന്നു. അപകടത്തില്‍ മരിച്ച യുവാവിനൊപ്പം ഷെയര്‍ ചെയ്തു ലെസ്റ്ററില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ് സായി.
നോട്ടിങ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ യമലയാ ബാണ്ഡലമുടിയും ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് 27 വയസാണ് പ്രായം എന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളെ ലെസ്റ്റര്‍ പോലീസ് വിവരം ധരിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരം ആണെങ്കിലും ഇരുവരും മരണ സാഹചര്യത്തെ അഭിമുഖീകരിക്കുന്നില്ല എന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചു പോലീസ് നല്കുന്ന സൂചന.
വിദ്യാര്‍ഥികള്‍ അതി രാവിലെ ഉള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വെയര്‍ ഹൗസിലേക്ക് ഉള്ള യാത്രയില്‍ ആയിരുന്നു എന്നാണ് സൃഹുത്തുക്കള്‍ പറയുന്നത്. മറ്റു യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവരും ലെസ്റ്ററില്‍ എത്താന്‍ കാരണം ജോലി അവിടെ ലഭിച്ചത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.
മഴയില്‍ തെന്നി കുതിര്‍ന്ന റോഡില്‍ ഗ്രിപ് കുറവുള്ള ടയര്‍ മൂലം കാറിന്റെ വേഗത നിയന്ത്രിക്കാനാകാതെ പോകുകയും ബ്രേക്ക് നഷ്ടമായ സാഹചര്യത്തില്‍ കാര്‍ ഇടിച്ചു നിര്‍ത്താനുള്ള ശ്രമം പരാജയപെട്ടു റോഡിനു താഴെയുള്ള കുഴിയിലേക്ക് പതിക്കുക ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. കാറില്‍ നിന്നും പുറത്തു കടക്കാനായ പ്രണവി റോഡില്‍ എത്തി അതുവഴി കടന്നു പോയ ട്രക്ക് ഡ്രൈവറുടെ സഹായം തേടിയതിനെ തുടര്‍ന്നണ് പൊലീസിന് വിവരം അറിയാന്‍ സാധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.