ജൊഹാനസ്ബർഗ് ;ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജനായ പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യ അറസ്റ്റിലായി. ബാബൂ കെയ്‌ടെക്‌സ് എന്നറിയപ്പെടുന്ന അഷ്‌റഫ് കാദറിനെ (47) തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയ ഭാര്യ ഫാത്തിമ ഇസ്മായിലാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പ്രിട്ടോറിയയിൽ ബിസിനസ് സ്ഥാപനത്തിന്റെ പരിസരത്ത് നിന്നാണ് അഷ്‌റഫ് കാദറിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച അഷ്‌റഫ് കാദറിനെ സുരക്ഷിതനായി രക്ഷപ്പെടുത്തിയിരുന്നു.മാമെലോഡിയയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഫാത്തിമയും മൂന്ന് കൂട്ടാളികളും പൊലീസ് പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, മോചനദ്രവ്യം ആവശ്യപ്പെടൽ, വാഹനം മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മോചനദ്രവ്യം ആവശ്യപ്പെട്ട തുക വ്യക്തമല്ല. നിരവധി തോക്കുകളും മൊബൈൽ ഫോണുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന്‍റെ കൂടുതൽ വിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ വ്യവസായികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ വർധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ജാമ്യം അനുവദിക്കുന്നതിൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.