ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ലഖ്നോവിലെ ഔദ്യോഗിക വസതിക്കു താഴെ ശിവലിംഗമുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ഖനനം നടത്തി പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ മസ്ജിദുകള്‍ക്കടിയില്‍ ശിവലിംഗം ആരോപിച്ച് രാജ്യത്ത് വർഗീയ വിഭജനത്തിന് ശ്രമിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംഭല്‍ മസ്ജിദിലെ സർവേ നടപടി മതവികാരം വ്രണപ്പെടുത്തുന്നതും സമുദായമൈത്രി തകർക്കുന്നതുമാണെന്ന് എസ്.പി നേതാവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 'മുഖ്യമന്ത്രിയുടെ ലഖ്നോവിലെ വസതിക്ക് അടിയില്‍ ശിവലിംഗമുണ്ട്. ഇക്കാര്യം നമുക്കറിയുന്നതാണ്.
അവിടെ ഖനനം നടത്തി പരിശോധിക്കണം' -അഖിലേഷ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ഉത്തരത്തില്‍ സർവേ ഇനിയും തുടരും. കുഴിച്ച് കുഴിച്ച് ഒരിക്കല്‍ സ്വന്തം സർക്കാറിന്‍റെ അടിവേര് ഇളക്കിയാകും ഇതിന്‍റെ അവസാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭല്‍ ശാഹി മസ്ജിദില്‍ നടത്തിയ സർവേയുടെ റിപ്പോർട്ട് ജനുവരി ആദ്യം കോടതിയില്‍ സമർപ്പിക്കുമെന്ന് കോടതി നിയോഗിച്ച കമീഷണർ അഡ്വ. രമേശ് സിങ് രാഘവ് അറിയിച്ചിരുന്നു. റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണെന്നും ജനുവരി രണ്ടിനോ മൂന്നിനോ സമർപ്പിക്കുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. നവംബർ 19 നാണ് സംഭല്‍ ശാഹി മസ്ജിദില്‍ അഡ്വക്കറ്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്.
മുഗള്‍ ചക്രവർത്തി ബാബർ ഹിന്ദുക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹരജിയെ തുടർന്നായിരുന്നു നടപടി. നവംബർ 24ന് രണ്ടാം ഘട്ട സർവേക്കിടെ അഞ്ചുപേർ വെടിയേറ്റ് മരിക്കുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.