റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും.
ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു.കഴിഞ്ഞ നവംബര്‍ 17ന് റഹീമിന്റെ മോചനമുണ്ടായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു.
ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തിരുന്നു.
ദയാധനം സ്വീകരിച്ചതിന് ശേഷം മരിച്ച സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.
ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. റഹിം നിയമ സഹായസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം സ്വരൂപിച്ചത്.
2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്.
ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.
പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി.
ഇതോടെ കുട്ടി ബോധരഹിതനായി.അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽ ജോലി ചെയ്തിരുന്ന ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു.
പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിച്ചു. വിചാരണയെത്തുടർന്ന് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.