കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയില്‍ വെർച്വല്‍ അറസ്റ്റില്‍ കുടുങ്ങിയ ഡോക്ടറെ എസ്ബിഐ ജീവനക്കാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.
പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ ആയിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ ശ്രമം .സുപ്രീം കോടതിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖകള്‍ കാണിച്ചാണ് തട്ടിപ്പു സംഘം ഡോക്ടറെ കുടുക്കിയത്.പെരുന്ന സ്വദേശിയായ ഡോക്ടർ പോസ്റ്റല്‍ സർവീസ് വഴി അയച്ച പാഴ്സലില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തി എന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് തട്ടിപ്പ് സംഘം ആദ്യം വിളിക്കുന്നത്. മുംബൈ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സുപ്രീംകോടതിയിലെയും പോസ്റ്റല്‍ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്സ്‌ആപ്പ് വഴി അയച്ചു കൊടുത്തു.
വീഡിയോ കോള്‍ വിളിച്ച് ഡോക്ടർ അറസ്റ്റില്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു. നടപടികള്‍ ഒഴിവാക്കാൻ അഞ്ച്ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ പരിഭ്രാന്തനായ ഡോക്ടർ ചങ്ങനാശ്ശേരി നഗരത്തിലുള്ള എസ് ബി ഐ ബാങ്കില്‍ എത്തി തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തു.
അക്കൗണ്ട് വിവരങ്ങളും ഡോക്ടറുടെ പരിഭ്രാന്തിയും കണ്ടപ്പോള്‍ തന്നെ ബാങ്ക് ജീവനക്കാർക്ക് ചില സംശയങ്ങള്‍ തോന്നി. ആർക്കാണ് പണം അയക്കുന്നത് എന്ന് സർവീസ് മാനേജർ ചോദിച്ചപ്പോള്‍ സുഹൃത്തിനാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ബാങ്ക് അധികൃതരാണ് പൊലീസിന്‍റെ സൈബർ വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി. ആദ്യം അന്വേഷണത്തോട് ഡോക്ടർ സഹകരിച്ചില്ല. ഈ സമയത്തെല്ലാം ഡോക്ടർ തട്ടിപ്പു സംഘത്തിന്‍റെ വീഡിയോ കോളില്‍ തുടരുകയായിരുന്നു.
ഇതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ വാതില്‍ തുറന്ന് വീട്ടില്‍ കയറി ഫോണ്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. ഒടുവില്‍ മൊബൈല്‍ സ്ക്രീനില്‍ ഒറിജിനല്‍ പൊലീസിനെ കണ്ടതോടെ തട്ടിപ്പുകാർ ഫോണ്‍ കട്ട് ചെയ്ത് മുങ്ങി.
പൊലീസ് അന്വേഷണത്തോട് ഡോക്ടർ ആദ്യം സഹകരിച്ചില്ലെന്നും ചങ്ങനാശ്ശേരി പൊലീസിന്‍റെ ഇടപെടല്‍ ആണ് തട്ടിപ്പ് തടഞ്ഞതെന്നും കോട്ടയം എസ്‍പി ഷാഹുല്‍ ഹമീദ് പറഞ്ഞു.തട്ടിപ്പാണ് എന്ന് ഉറപ്പിച്ചതോടെ ബാങ്ക് പണമിടപാട് മരവിപ്പിച്ചു. അഞ്ച് ലക്ഷം രൂപയില്‍ 4,35000 രൂപയും മരവിപ്പിക്കാൻ കഴിഞ്ഞു. സംഭവത്തില്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പുകാരുടെ ബാങ്ക് വിവരങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി
ഡോക്ടർ ബാങ്കിലെത്തിയപ്പോള്‍ തന്നെ പരിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് മാനേജര്‍ മീനാ ബാബു പറഞ്ഞു. പണം അയക്കുന്ന അക്കൗണ്ടിനെ പറ്റി ചില സംശയങ്ങള്‍ ആദ്യമേ തോന്നിയിരുന്നു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോള്‍ സുഹൃത്തിനാണ് പണം അയക്കുന്നത് എന്നാണ് പറഞ്ഞത്. തട്ടിപ്പുകളുടെ സാഹചര്യത്തിലാണ് ചോദിക്കുന്നത് എന്ന് ഡോക്ടറോട് പറഞ്ഞിരുന്നു.
എന്നാല്‍ ഡോക്ടർ സുഹൃത്തിന് എന്ന നിലപാടില്‍ ഉറച്ചു നിന്നു. ബാങ്കിലെ ആഭ്യന്തര സെക്യൂരിറ്റി സംവിധാനത്തിന് പണമിടപാടിനെ പറ്റി സംശയം തോന്നിയപ്പോഴാണ് പൊലീസില്‍ വിവരം അറിയിച്ചത്. ചങ്ങനാശ്ശേരി ബ്രാഞ്ചില്‍ ഇത്തരം അനുഭവം ആദ്യം എന്നും മാനേജർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.