കൊച്ചി: റോഡുകളിലും നടപ്പാതകളിലും ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി നടത്തുന്ന സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലുള്ളവരും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈകോടതി.
നേരത്തേ ഫുട്പാത്തുകളിലായിരുന്ന യോഗങ്ങളും പ്രതിഷേധങ്ങളും ഇപ്പോള്‍ നടുറോഡിലായിരിക്കുകയാണ്. തിരുവനന്തപുരം വഞ്ചിയൂരില്‍ സ്റ്റേജ് കെട്ടാൻ റോഡ് കുഴിച്ചിട്ടുണ്ടെങ്കില്‍ വിഷയം കൂടുതല്‍ ഗൗരവകരമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.വഞ്ചിയൂരിലെ സി.പി.എം ഏരിയ സമ്മേളനം, സെക്രട്ടേറിയറ്റിന് മുന്നിലെ ജോയന്റ് കൗണ്‍സില്‍ രാപ്പകല്‍ ധർണ, കൊച്ചി കോർപറേഷന് മുന്നിലെ കോണ്‍ഗ്രസ് ധർണ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്.
അതേസമയം, ഗതാഗതം തടസ്സപ്പെടുത്തുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് സർക്കുലർ മുഖേന നിർദേശം നല്‍കിയിരുന്നുവെന്നും വഞ്ചിയൂരിലെ പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നല്‍കി. വഞ്ചിയൂരിലെ സംഭവം അറിഞ്ഞയുടൻ കേസെടുത്തെന്നും ഡി.ജി.പി വ്യക്തമാക്കി.
അതേസമയം, വഞ്ചിയൂർ സംഭവത്തില്‍ നേതാക്കളെ പ്രതി ചേർക്കാതെ മറ്റു സംഭവങ്ങളില്‍ കോണ്‍ഗ്രസിന്‍റെയും ജോയന്റ് കൗണ്‍സിലിന്‍റെയും നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് വ്യക്തമാക്കുന്ന വിശദീകരണ പത്രികയാണ് ഡി.ജി.പി നല്‍കിയിരിക്കുന്നത്.
വഞ്ചിയൂർ കേസില്‍ കണ്ടാലറിയാലുന്ന 150 പേർക്കെതിരെയാണ് എഫ്.ഐ.ആർ എടുത്തത്. അന്വേഷണത്തിന് അതത് ജില്ല പൊലീസ് മേധാവിമാർ മേല്‍നോട്ടം വഹിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി വി. ജോയ് തുടങ്ങി വേദിയിലുണ്ടായിരുന്നവരുടെ പട്ടികയടങ്ങുന്ന റിപ്പോർട്ടാണ് വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് നല്‍കിയിരിക്കുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് ധർണയില്‍ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എല്‍.എ അടക്കം 20 നേതാക്കളെ സെൻട്രല്‍ പൊലീസ് മുഖ്യപ്രതികളാക്കി.
ജോയന്റ് കൗണ്‍സില്‍ സംഘടന നേതാക്കളായ കെ.പി. ഗോപകുമാർ, ജയചന്ദ്രൻ കല്ലിങ്കല്‍ എന്നിവരടക്കം 10 സർക്കാർ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് സെക്രട്ടേറിയറ്റ് ധർണയില്‍ കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്.ഐ.ആർ. കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് മരട് സ്വദേശി എൻ. പ്രകാശ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.