കൊച്ചി: കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്നു തുടർ സാഹചര്യം തീരുമാനിക്കും.നിലവിൽ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കൽ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, ഓസ്കർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. നേരത്തെ ഓസ്‌കർ ഇവന്റ്സും, മൃദംഗ വിഷനും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലം പരിശോധിച്ചു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. സംഭവത്തിൽ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകുകയായിരുന്നു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകർ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണർ പുട്ട വിമലാദിത്യ പറഞ്ഞത്. സ്റ്റേജ് നിർമ്മിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്‌നി ശമന സേനയും റിപ്പോർട്ട് നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.