തിരുവനന്തപുരം: പത്തനംതിട്ട മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം നാലുപേർ മരിച്ച സംഭവം ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. റോഡിന് എന്തെങ്കിലും പ്രശ്നമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.ഗതാഗത നിയമലംഘനകൾ വർധിച്ചുവരികയാണ്. ഫൈനുകൾ വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരപകടത്തിൽ ഒരു മരണം എന്നത് ഒരു കുടുംബത്തിന്റെ അവസ്ഥയിലുണ്ടാവുന്ന ദുഃഖകരമായ മാറിമറിയൽ ആണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ റോഡപകടങ്ങളും മരണങ്ങളും കുറയേണ്ടത് നമ്മൽ ഓരോരുത്തരുടേയും ആവശ്യമാണ്. ഇതിനൊരു പരിഹാരം കാണണമെന്ന് എല്ലാവരും തീരുമാനമെടുക്കണം. വാഹനമോടിക്കുന്നവരും അല്ലാത്തവരും റോഡുപയോഗിക്കുമ്പോൾ വളരെ ശ്രദ്ധാലുക്കളായിരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
"1999-ൽ സ്ഥലമേറ്റെടുത്തിട്ടതാണ് ഇപ്പോൾ അപകടമുണ്ടായ ഈ റോഡ്. ലോക ബാങ്ക് ഉപേക്ഷിച്ച റോഡായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരനുമേൽ വളരെയധികം സമ്മർദം ചെലുത്തി ഈ റോഡ് കൊണ്ടുവരാൻ ശ്രമിച്ചു. ഞാനാണ് അതിന്റെ മുൻപന്തിയിലുണ്ടായിരുന്നത്. പത്തനാപുരത്തുനിന്നാണ് റോഡിന്റെ ഉദ്ഘാടനംപോലും നടന്നത്. വളരെയധികം ഇടപെടൽ നടത്തിയ ശേഷമാണ് ലോകബാങ്കിനെ ഇതിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പറയുന്നതുപോലെ ഈ റോഡിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളില്ല. വീതി കൂടിയ, നേരെ പോകുന്ന ഒരുപാട് ഭാഗങ്ങളുണ്ട്. വിദഗ്ധരാണെന്ന് സ്വയം കരുതുന്ന ഡ്രൈവർ വളരെ വേഗത്തിലാണ് വാഹനമോടിക്കുക, അതിൽ വേറൊന്നും ചെയ്യാനില്ല.
നമ്മൾ വണ്ടിയോടിക്കുമ്പോൾ ഒരു നായയോ പൂച്ചയെ കുറുകെ ചാടിയാൽ നല്ല രീതിയിൽ നിർത്താൻ പറ്റുമോയെന്ന് ചിന്തിക്കുക. ആ ചിന്ത ഇല്ലാതെയാണ് നമ്മൾ വണ്ടിയോടിക്കുന്നത്. നമ്മൾ സ്വന്തം കാര്യം മാത്രമേ നോക്കാറുള്ളൂ. ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനത്തിന്റെ നിയന്ത്രണം പെട്ടന്ന് നഷ്ടപ്പെടും. ഏതെങ്കിലും ഒരു ഭാഗത്തേക്ക് തിരിഞ്ഞാൽ ഇടിക്കുന്നത് വളരെ ശക്തമായിട്ടായിരിക്കും. നല്ല റോഡുകൾ ഉണ്ടാകുമ്പോൾ അപകടമുണ്ടാവും. ഇക്കാരണംകൊണ്ട് നല്ല റോഡുകൾ ഉണ്ടാക്കാതിരിക്കാൻ പറ്റുമോ?
എല്ലാ ജംഗ്ഷനിലും ഹംപ് വെയ്ക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഡ്രൈവിങ്ങിൽ സ്വയം അച്ചടക്കം പുലർത്തുകയല്ലാതെ ഇതിന് അടിസ്ഥാനപരമായി ഒരു മോചനമില്ല. ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നുണ്ട്. പക്ഷേ ചിലയാളുകൾ ഇതുവല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ട്. അമിതവേഗത്തിൽ വാഹനമോടിച്ച് വരികയും ക്യാമറ കണ്ടാൽ ഉടൻ ചവിട്ടി, ഇതിന്റെ പരിധിക്ക് അപ്പുറം കടന്നാൽ വീണ്ടും വേഗത കൂട്ടുകയും ചെയ്യും. മൂവിങ് ക്യാമറ ഉപയോഗിച്ച് പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ വാഹനം പരിശോധിക്കുന്ന സംവിധാനം ആലോചിക്കുന്നുണ്ട്." മന്ത്രി പറഞ്ഞു.
ഡ്രൈവിംഗുമായി ബന്ധപ്പെട്ട് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ ഡ്രൈവിംഗ് സ്കൂളുകളോട് നിർദേശിക്കും. കെ.എസ്.ആർ.ടി.സി തുടങ്ങിയ ഡ്രൈവിംഗ് സ്കൂളിൽ ഇതെല്ലാം പഠിപ്പിക്കുന്നുണ്ട്. മറ്റ് 13 ഇടങ്ങളിൽ ഉടനാരംഭിക്കും. ഇവിടെ വാഹനങ്ങൾ വാങ്ങാൻ തീരുമാനമായിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സി കേന്ദ്ര സർക്കാരിനോട് ഒരു പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഡ്രൈവിംഗ് അറിയുന്നവരെ ഒന്നുകൂടി കാലാനുസൃതമായ മാറ്റങ്ങൾ പഠിപ്പിക്കാൻ ഒരു സംവിധാനം കൊണ്ടുവരുന്നതാണിത്. എല്ലാ ജില്ലയിലും ഒന്ന് എന്ന നിലയിലായിരിക്കും ഇതെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.